രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിലെ മുഴുവന്‍ പണവും കൊടുത്തു, നടക്കുന്നത് വ്യാജപ്രചാരണം: കോണ്‍ഗ്രസ്

By Web TeamFirst Published May 29, 2021, 6:01 PM IST
Highlights

രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് കൊല്ലം ബീച്ച് ഹോട്ടലില്‍ ഒരു രൂപയുടെ ഇടപാട് പോലും അവശേഷിക്കുന്നില്ലെന്നും വ്യാജകഥ പ്രചരിപ്പിക്കുന്നവരെ നിയമപരമായി നേരിടുമെന്നും അവര്‍ പറഞ്ഞു.

കൊല്ലം: കൊല്ലത്ത് രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക നല്‍കിയില്ലെന്ന വാര്‍ത്ത വ്യാജമാണെന്ന് കോണ്‍ഗ്രസ്. കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയാണ് ഹോട്ടല്‍ ഉടമയുടെ കത്ത് സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കൊല്ലത്ത് സിപിഎമ്മിനേറ്റ തിരിച്ചടി മറികടക്കാനാണ് വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു. രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് കൊല്ലം ബീച്ച് ഹോട്ടലില്‍ ഒരു രൂപയുടെ ഇടപാട് പോലും അവശേഷിക്കുന്നില്ലെന്നും വ്യാജകഥ പ്രചരിപ്പിക്കുന്നവരെ നിയമപരമായി നേരിടുമെന്നും അവര്‍ പറഞ്ഞു.

ബിന്ദുകൃഷ്ണ പുറത്തുവിട്ട ഹോട്ടല്‍ ഉടമയുടെ കത്ത്

രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലില്‍ വാടകയായി ആറുലക്ഷം രൂപ നല്‍കാനുണ്ടെന്നായിരുന്നു സിപിഎം മുഖപത്രമായ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായി. കൊല്ലത്തെ സന്ദര്‍ശനത്തിനിടെയായിരുന്നു രാഹുല്‍ഗാന്ധി കടലില്‍ ചാടിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ടി.എം പ്രതാപന്‍ എം.പി എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.

ബിന്ദുകൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

രണ്ട് പതിറ്റാണ്ടിന് ശേഷം കൊല്ലത്ത് രണ്ട് കോൺഗ്രസ് എംഎൽഎമാർ, മൂന്ന് സീറ്റുകൾ വെറും രണ്ടായിരം വോട്ടുകൾക്ക് മാത്രം നഷ്ടം, നാൽപ്പതിനായിരവും, മുപ്പതിനായിരവും ഭൂരിപക്ഷം ലഭിച്ചിരുന്ന സ്ഥലങ്ങളിലെ ഭൂരിപക്ഷം ഇപ്പോൾ വെറും പതിനായിരം മാത്രം. 11 അസംബ്ലി മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷം നേടിയ എൽഡിഎഫിൻ്റെ കൊല്ലത്തെ അവസ്ഥ ഇതാണ്.

അതിനെ മറികടക്കാൻ ഇടതുപക്ഷം എന്ത് അസത്യപ്രചരണങ്ങൾക്കും മുന്നിലുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. അത്തരം അസത്യ പ്രചരണങ്ങൾക്ക് കൂട്ട് നിൽക്കാൻ കോൺഗ്രസ് പാർട്ടിയോട് കൂറുള്ള ഒരു വ്യക്തിയും നിൽക്കില്ല. ബഹുമാനപ്പെട്ട രാഹുൽജിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊല്ലം ബീച്ച് ഹോട്ടലിൽ ഒരു രൂപയുടെ ഇടപാട് പോലും അവശേഷിക്കുന്നില്ല. അതിൻ്റെ ഇടപാടുകൾ എല്ലാം അന്ന് തന്നെ തീർത്തിരുന്നതാണ്.

ഇന്ന് വ്യാജ ആരോപണങ്ങൾ ഉയർന്നുവെങ്കിൽ അതിൻ്റെ ഏകകാരണം ഇടത് തരംഗത്തിലും കൊല്ലം ജില്ലയിലെ ഐക്യജനാധിപത്യ മുന്നണി പിടിച്ചുനിന്നു എന്നതുകൊണ്ട് മാത്രമാണ്. വ്യാജ കഥകൾ സൃഷ്ടിച്ച് പ്രചരപ്പിക്കുന്നവരെ നിയമപരമായി നേരിടും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!