
ആലപ്പുഴ: മെഡിക്കല്‍ കോളേജ് കോമ്പൗണ്ടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് പറഞ്ഞ ജി സുധാകരനെ തിരിഞ്ഞുകൊത്തി പഴയ ഫേസ്ബുക്ക് പോസ്റ്റ്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന മനുഷ്യത്വപരമായ പദ്ധതിക്ക് ഹൃദയാഭിവാദ്യങ്ങൾ എന്ന് കുറിച്ച ജി സുധാകരന്‍റെ 2020 മാർച്ചിലെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഈ പദ്ധതി ജില്ലയിൽ തുടക്കം കുറിച്ച ആലപ്പുഴ ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയെ സുധാകരൻ വാനോളം പ്രശംസിക്കുകയും ചെയ്തിരുന്നു.
2020 മാർച്ചിലെ ജി സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
"വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ" ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന "ഹൃദയപൂർവ്വം" എന്ന മനുഷ്യത്വപരമായ പദ്ധതി 1000 ദിവസം പിന്നിട്ടു.. ഈ മഹത്തായ പദ്ധതി നടത്തുന്ന ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാക്കമ്മറ്റിക്ക് ഹൃദയാഭിവാദ്യങ്ങൾ..
നമ്മുടെ നാട്ടിൽ മഹാപ്രളയം ഉണ്ടായപ്പോൾ പോലും ഒരു ദിവസം പോലും ഭക്ഷണ വിതരണം മുടങ്ങിയിട്ടില്ല. ഓരോ ദിവസവും ഓരോ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ദിവസവും 4000 ത്തിലധികം ഉച്ചഭക്ഷണപൊതികളാണ് ആശുപത്രിയിൽ എത്തിച്ച് നൽകുന്നത്. ഇതിനോടകം 40 ലക്ഷത്തിലധികം പൊതിച്ചോറുകളാണ് ആശുപത്രിയിൽ വിതരണം ചെയ്തിട്ടുള്ളത്.
മാത്രമല്ല ഭക്ഷണം വിതരണം ചെയ്യുന്നതിനോടൊപ്പം തന്നെ ഭക്ഷണവുമായെത്തുന്ന മേഖല കമ്മിറ്റികളിലെ ഡി.വൈ.എഫ്.ഐ സഖാക്കൾ രക്തം ആവശ്യമുള്ള രോഗികൾക്ക് രക്ത ദാനവും ചെയ്യുന്നുണ്ട്. കൂടാതെ ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും ഡി.വൈ.എഫ്.ഐ ക്കാർ തന്നെ ശേഖരിച്ച് അതാത് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്കരിക്കുകയാണ് ചെയ്ത് വരുന്നത്.
ഒരു വർഷം മുമ്പ് ഹർത്താല്‍ ദിവസവും രോഗികള്‍ക്കുള്ള ഭക്ഷണവുമായി മെഡിക്കല്‍ കോളേജിലേക്ക് പോയ വാഹനം ആർ.എസ്.എസ്, ബി.ജെ.പി ക്രിമിനലുകൾ റോഡില്‍ തടഞ്ഞ് ഡി.വൈ.എഫ്.ഐ ക്കാരെ അക്രമിക്കുകയും വാഹനം തല്ലി തകർത്ത് മഹത്തായ ഈ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തി തങ്ങള്‍ക്കായി കാത്തിരുന്ന രോഗികള്‍ക്ക് ഭക്ഷണവുമായി കൃത്യസമയത്ത് തന്നെ അതെ വാഹനത്തില്‍ എത്തിച്ചേരുന്നതിന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രവർത്തനം മാതൃകാപരമായിരുന്നുയെന്നുള്ളത് ഈ സന്ദർഭത്തിൽ ഓർക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു.
ഈ പദ്ധതി ജില്ലയിൽ തുടക്കം കുറിച്ച മുൻ ആലപ്പുഴ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിക്കും ഒരു ദിവസം പോലും മുടങ്ങാതെ ഇന്നും ഇത് നല്ല നിലയിൽ തന്നെ നടത്തി വരുന്ന ഇപ്പോഴത്തെ ജില്ലാ കമ്മറ്റിക്കും ഹൃദയാഭിവാദ്യങ്ങൾ നേരുന്നു...
"കോമ്പൌണ്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഷെഡും വച്ച് കൊടിയും കെട്ടി ഇരിക്കുകയാണ്. അന്നദാനം കൊടുക്കുകയാണ്. പിന്നെ ഗവണ്‍മെന്‍റിന്‍റെ ജോലി എന്താ? ഞങ്ങൾ ചോറ് കൊടുക്കുകയാണ്, കഞ്ഞി കൊടുക്കുകയാണ് എന്നാണ് പറയുന്നത്. എന്നിട്ട് അവിടെ കൊടിയും കെട്ടും. ഇതെല്ലാം നീക്കം ചെയ്യണം. ഒരു പാർട്ടിയെയും അവിടെ കയറ്റിക്കൂടാ. പാർട്ടിയിൽപ്പെട്ട മനുഷ്യർക്ക് വരാം. അവിടെ പാർട്ടികൾ വരരുത്. സംഘടനകൾ അവിടെ യാതൊരു ഭക്ഷണവും കൊടുക്കേണ്ട കാര്യമില്ല. ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്വമാണത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ അങ്ങനെ വേണ്ടെന്ന് തീരുമാനിച്ചതാ. ആ തീരുമാനത്തിന് ശേഷവും ഏതോ ഒരു സംഘടന- സേവാഭാരതി ഷെഡും കെട്ടിയിരിക്കുകയാണ്. സൂപ്രണ്ടിനോട് വിളിച്ചു ചോദിച്ചു എന്താ കാണിക്കുന്നതെന്ന്. ദൈവം തമ്പുരാൻ വിചാരിച്ചാൽ നന്നാവുമോ? ഇതൊക്കെ മാറ്റണം"- ജി സുധാകരൻ പറഞ്ഞു.
മെഡിക്കൽ കോളേജുകളിൽ ചികിത്സ നിഷേധിക്കപ്പെടുന്നതിനെ കുറിച്ചും ജി സുധാകരൻ സംസാരിച്ചു. എന്താണ് ഈ മെഡിക്കൽ കോളേജുകളിൽ നടക്കുന്നത്? അവിടെ ചെല്ലുമ്പോൾ തന്നെ സാധാരണക്കാരായ ജീവനക്കാർ പറയും മരിക്കാനല്ലെങ്കിൽ ഇവിടെ നിന്നും കൊണ്ടുപോകാൻ. വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് മെഡിക്കല്‍ കോളേജുകളിലെ ഭക്ഷണ വിതരണത്തെ കുറിച്ചും ചികിത്സ ലഭിക്കാത്തതിനെ കുറിച്ചു ജി സുധാകരൻ സംസാരിച്ചത്. തെറ്റായ നിയമങ്ങളെല്ലാം തിരുത്തി എഴുതേണ്ടവരാണ് വിദ്യാർത്ഥികളെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam