
കൊച്ചി: പ്രായപരിധി കടുപ്പിക്കുന്നതിന്‍റെ ഭാഗമായി മുന്‍ മന്ത്രി ജി സുധാകരന്‍ (G Sudhakaran) അടക്കം 13 പേരെ സിപിഎം (CPM) സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, പി കരുണാകരൻ, കോലിയക്കോട് കൃഷ്ണൻ നായർ, ഉണ്ണികൃഷ്ണ പിള്ള, കെ പി സഹദേവൻ, കെ ജോ തോമസ്, എം എം മണി, പി പി വാസുദേവന്‍, സി പി നാരായണന്‍, എം ചന്ദ്രന്‍, കെ വി രാമകൃഷ്ണന്‍ എന്നിവരാണ് ഒഴിവാക്കപ്പെട്ടവര്‍. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പുതിയ സംസ്ഥാന സമിതിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. 89 അംഗങ്ങളാണ് പുതിയ സംസ്ഥാന കമ്മിറ്റിയില്‍ ഉള്ളത്.
സംസ്ഥാന സമിതിയില്‍ പുതിയതായി എത്തിയത് എ എ റഹിം, ചിന്താ ജെറോം, എം എം വർഗീസ്, വി പി സാനു, കെ എസ്.സലീഖ, പി ശശി, എ വി റസൽ, ഇ എൻ സുരേഷ്ബാബു, സി വി വർഗീസ്, കെ അനിൽകുമാർ, വി.ജോയ്, ഒ ആർ കേളു, കെ കെ ലതിക, കെ എൻ ഗണഷ്, പനോളി വൽസൻ, രാജു എബ്രഹാം എന്നിവരാണ്. ക്ഷണിതാക്കളായി മന്ത്രി ആര്‍ ബിന്ദുവിനെയും ജോണ്‍ ബ്രിട്ടാസിനെയും തെരഞ്ഞെടുത്തു.
75 വയസ്സുള്ള സുധാകരന് പ്രായപരിധി ഇളവ് ലഭിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ സമിതിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സുധാകരന് പുതിയ ചുമതല നല്‍കുമെന്നാണ് വിവരം. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല നല്‍കാനാണ് സാധ്യത. ഇളവ് ലഭിക്കും എന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു സുധാകരന്‍, തന്നെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകിയത്. ഇത് കൂടി പരിഗണിച്ചാണ് ഒഴിവാക്കല്‍. സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹമില്ലെന്നും പുതു തലമുറയക്കായി വഴി മാറാൻ ഒരുക്കമാണെന്നും സുധാകരൻ, കോടിയേരിക്കും മുഖ്യമന്ത്രിക്കും നൽകിയ കത്തിൽ പറഞ്ഞിരുന്നു.
75 വയസ് ആയെങ്കിലും സുധാകരന്‍റെ ജനകീയ അടിത്തറ കൂടി പരിഗണിച്ച് അദ്ദേഹത്തിന് ഇളവ് നൽകിയേക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു സൂചന. കേന്ദ്ര കമ്മിറ്റി തീരുമാനം അനുസരിച്ചാണ് സംസ്ഥാന കമ്മറ്റിയിലെ അംഗങ്ങൾക്ക് പ്രായപരിധി നിശ്ചയിച്ച് നടപ്പാക്കാൻ തീരുമാനിച്ചത്. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കുമ്പോൾ പുതിയ ഉത്തരവാദിത്തം നൽകുമെന്നും പാർട്ടി സുരക്ഷിതത്വം നൽകുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ്
പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലൻ, ടി പി രാമകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ കെ ജയചന്ദ്രൻ, ആനാവുർ നാഗപ്പൻ, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശൻ, വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരാണ് സെക്രട്ടറിയേറ്റംഗങ്ങൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam