
ആലപ്പുഴ: കെഎസ്ആർടിസിയുടെ പൊതുബസ് ഫ്ലീറ്റിലേക്ക് പുതിയ ബസ് വാങ്ങുന്നതിനായി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ അനുവദിച്ചു ജി സുധാകരൻ. പൊതുഗതാഗത മേഖലയ്ക്ക് കരുത്തുപകരാനും കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റ് വിപുലീകരിക്കാനുമാണ് ജി സുധാകരൻ്റെ ഇടപെടൽ. ഓരോ വർഷവും ഓരോ ബസ് വീതം അനുവദിച്ച് ആകെ അഞ്ച് ബസുകൾ കെഎസ്ആർടിസിക്ക് ലഭ്യമാക്കാനാണ് തീരുമാനം. പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം യാത്രാക്ലേശം നേരിടുന്ന ജനങ്ങൾക്ക് കൂടുതൽ യാത്രാസൗകര്യം ഉറപ്പാക്കാനും ഇടപെടൽ സഹായകമാകുമെന്ന് ജി സുധാകരൻ പറഞ്ഞു. നേരത്തെ, എംഎൽഎമാരായ കെ പ്രവീൺ കുമാർ, മാണി സി കാപ്പൻ എന്നിവരും കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി തുക അനുവദിച്ചിരുന്നു.
ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ നൽകിയ കത്തിന്റെയും 2026 സെപ്റ്റംബർ 25ലെ ധനകാര്യ വകുപ്പിന്റെ സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ആദ്യ ബസിനായി 45 ലക്ഷം രൂപ അനുവദിച്ചത്. ബസ് വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി ആലപ്പുഴ ഡിപ്പോയിൽ നിന്ന് അമ്പലപ്പുഴ മണ്ഡലത്തിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സർവീസ് നടത്തുന്നതിനാണ് മുൻഗണന. ആവശ്യാനുസരണം സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് കെഎസ്ആർടിസിയുടെ പൊതുബസ് ഫ്ലീറ്റിന്റെ ഭാഗമായി ബസ് സർവീസ് നടത്തുന്നതിനും പ്രയോജനപ്പെടുത്താമെന്നും എംഎൽഎ പറഞ്ഞു.
കെഎസ്ആർടിസി സാമ്പത്തികവും പ്രവർത്തനപരവുമായ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ പൊതുഗതാഗത സംവിധാനത്തിന്റെ വളർച്ചയ്ക്ക് ജനപ്രതിനിധികൾ നേരിട്ട് പിന്തുണ നൽകുന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നുള്ള വികസന ഫണ്ട് ജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന പദ്ധതികൾക്കായി വിനിയോഗിക്കുന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ നടപടി. പുതിയ ബസുകൾ സർവീസിലെത്തുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗതത്തോടുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും റോഡ് ഗതാഗതത്തിനൊപ്പം ജലഗതാഗതത്തിനും ടൂറിസത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന വികസന സമീപനമാണ് അമ്പലപ്പുഴയ്ക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam