
ആലപ്പുഴ: മാക്കേക്കടവ് - നേരെകടവ് പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കടുത്ത അതൃപ്തിയും വിമർശനവും തുടര്‍ന്ന് ജി സുധാകരൻ എംഎൽഎ. തനിക്കൊരു ക്ഷണക്കത്ത് എങ്കിലും തരാമായിരുന്നല്ലോ എന്ന് ചോദിച്ച അദ്ദേഹം, വികസന കാര്യത്തിൽ എൽഡിഎഫും യുഡിഎഫും സങ്കുചിത മനസ്ഥിതിയാണ് പ്രകടിപ്പിക്കുന്നതെന്ന് കുറ്റപ്പെടുത്തി. താൻ മന്ത്രിയായിരുന്നില്ലെങ്കിൽ നേരെകടവ് - മാക്കേക്കടവ് പാലം വരുമായിരുന്നോ എന്ന് ചോദിച്ച സുധാകരൻ, താൻ മന്ത്രിയായിരുന്ന കാലത്താണ് പാലത്തിന്‍റെ നിർമ്മാണം തുടങ്ങിയതെന്ന് പറയാൻ പോലും എൽഡിഎഫിന് കഴിയുന്നില്ലെന്നും വ്യക്തമാക്കി. ഉദ്ഘാടന വേദി രാഷ്ട്രീയ പ്രചാരണ വേദിയാക്കരുതായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
കെ കരുണാകരന്‍റെ പോലും പടം വെച്ചിട്ടും ഒരിടത്തും തന്‍റെ ചിത്രം കണ്ടില്ല. ഷാനിമോൾ ഉസ്മാൻ തന്നെ ക്ഷണിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും, അത്രയും വിശാലമനസ്കയല്ലല്ലോ അവരെന്നും പരിഹസിച്ചു. കിഫ്‌ബി പിരിച്ചുവിട്ടത് നിർമ്മാണങ്ങളെ ബാധിക്കുമെന്ന് ജി. സുധാകരൻ മുന്നറിയിപ്പ് നൽകി. പൊതുമരാമത്ത് വകുപ്പിനെക്കൊണ്ടു മാത്രം ഒറ്റയ്ക്ക് കാര്യങ്ങൾ സാധിക്കില്ല. പ്രശ്നങ്ങൾ സൃഷ്ടിച്ചത് കെ എം എബ്രഹാം അടക്കമുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.
എ സി റോഡ് നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ചുള്ള ചോദ്യത്തിന്, അഴിമതി നടന്നിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും എന്നാൽ നിർമ്മാണത്തിൽ അപാകതയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു. മാക്കേക്കടവ് - നേരെകടവ് പാലം ഉദ്ഘാടനത്തിൽ അവഗണിച്ചതിൽ അതൃപ്തി പരസ്യമാക്കി മുൻ പൊതുമരാമത്ത് മന്ത്രിയും അമ്പലപ്പുഴ എം എൽ എയുമായ ജി സുധാകരൻ രംഗത്ത് വന്നിരുന്നു. പാലം നിർമ്മാണത്തിന് തുടക്കമിട്ട തനിക്ക് ഉദ്ഘാടന ചടങ്ങിന്റെ ഒരു ക്ഷണക്കത്ത് പോലും ലഭിച്ചില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് 80 കോടി രൂപ അനുവദിച്ച് ഈ പദ്ധതിക്ക് തുടക്കമിട്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam