
ആലപ്പുഴ: ഇന്ത്യ വേദിയായ ജി 20 ഉച്ചകോടി സമാപിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി എ എം ആരിഫ് എംപി. ജി 20 അധ്യക്ഷ പദവി ഏറ്റെടുക്കുന്ന ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയോടുള്ള അപേക്ഷ എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ എ എം ആരിഫ് തുറന്നടിക്കുകയായിരുന്നു. രാജ്യത്തിന് ഈ പദവി കിട്ടിയത് ഭരണകൂടത്തിന്‍റെ നേട്ടം കൊണ്ടാണെന്ന് വരുത്താൻ ബിജെപി പതാകയുടെ നിറം കൊണ്ട് ലോഗോ നിർമ്മിച്ച് പ്രചരിപ്പിച്ച അൽപ്പത്തം അങ്ങ് കാണിക്കില്ല എന്ന് ഉറപ്പുണ്ടെന്ന് എംപി ഫേസ്ബുക്കിൽ കുറിച്ചു. സ്വന്തം രാജ്യത്തിന്റെ പേര് പോലും മാറ്റാനുള്ള വേദിയായി ജി 20യെ അങ്ങ് ഉപയോഗിക്കില്ല എന്നും ഉറച്ച വിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എ എം ആരിഫിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
ജി.20 അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്ന ബഹുമാനപ്പെട്ട ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയോട് ഒരു അപേക്ഷയുണ്ട്..
ജി 20 യുടെ അദ്ധ്യക്ഷ പദവി അതിന്റെ അംഗരാജ്യങ്ങളിലേക്ക് മുറയനുസരിച്ച്, കാലക്രമേണ വന്നു ചേരുന്നതാണ് എന്ന് അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ. എന്നാൽ ഞങ്ങളുടെ രാജ്യത്തിന് ഈ പദവി കിട്ടിയത് തങ്ങളുടെ ഭരണകൂടത്തിന്റെ നേട്ടം കൊണ്ടാണെന്ന് വരുത്താൻ ബിജെപി പതാകയുടെ നിറം കൊണ്ട് ലോഗോ നിർമ്മിച്ച് പ്രചരിപ്പിച്ച അൽപ്പത്തം അങ്ങ് കാണിക്കില്ല എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്..
അതിലുമുപരി, സ്വന്തം രാജ്യത്തിന്റെ പേര് പോലും മാറ്റാനുള്ള വേദിയായി ജി.20 യെ അങ്ങ് ഉപയോഗിക്കില്ല എന്നും ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്.
എന്തിനേറെ, തരംതാഴുന്നതിന് ഒരതിരുമില്ലെന്ന് അനുനിമിഷം തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങളുടെ ഭരണകൂടം.ഓരോ രാജ്യത്തിന്റെയും ശാസ്ത്ര നേട്ടങ്ങൾക്ക്, ആ രാജ്യത്തിലെ ശാസ്ത്രജ്ഞമാർക്കും അവരുടെ കൂട്ടായ്മയ്ക്കും വളരെ വലിയ പങ്കുണ്ട്. ചന്ദ്രയാനും ആദിത്യയും ഒക്കെ വർഷങ്ങൾ നീണ്ട ശാസ്ത്രീയ പരീക്ഷണങ്ങളുടെ, ശാസ്ത്ര കൂട്ടായ്മയുടെ വിജയങ്ങളാണ്. എന്നാൽ ആ നേട്ടങ്ങളെപ്പോലും,യാതൊരു നാണവുമില്ലാതെ, തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ള ഉപകരണമാക്കുകയാണ് ഞങ്ങളുടെ രാജ്യത്തെ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്.!
അതുകൊണ്ട് അങ്ങ് ഇത്തരം തരം താഴ്ന്ന പ്രചരണപരിപാടികൾ നടത്തരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു..
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam