
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ തോക്കെടുത്തുള്ള ഗുണ്ടകളുടെ കൈവിട്ട കളിയിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പത്തുപേരെയാണ് എഫ്ഐആറിൽ പ്രതിചേര്‍ത്തത്. അപ്പു ശാസ്ത്താമുറി, ശരത്, അഭിലാഷ്, സജിൻ എന്നിവരും കണ്ടാൽ അറിയാവുന്ന ആറുപേരുമാണ് പ്രതികൾ.വധശ്രമം, കലാപം സൃഷ്ടിക്കൽ, അന്യായമായി കൂട്ടം ചേരൽ, ആയുധം ഉപയോഗിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കൂട്ടത്തല്ലിനിടെ ഗുണ്ട തോക്ക് ചൂണ്ടുകയായിരുന്നു. തോക്ക് ചൂണ്ടിയ തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണുവിനെ മറുസംഘം ആക്രമിച്ചു.
സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാപ്പ പ്രതി പ്രവീൺ പ്രസന്നൻ, മണ്ണാറശ്ശാല മഹേഷ് എന്നിവരുടെ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. ഇരു സംഘങ്ങളും തമ്മിൽ മഹാദേവിക്കാട് കെടിഡിസി ബിയർ പാർലറിൽ വെച്ച് വാക്കേറ്റമുണ്ടായി. ഇതിന്‍റെ തുടർച്ചയായിരുന്നു തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ പുളിക്കീഴ് വെച്ച് നടന്നത്. കൂട്ടത്തല്ലിനിടെ തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണു തോക്ക് ചൂണ്ടി ഭീഷണി ഉയർത്തി. എന്നാൽ, റിവോൾവറിൽ വെടിയുണ്ട ഉണ്ടായിരുന്നില്ല.
ഇതോടെ മറുസംഘം വിഷ്ണുവിനെ ആക്രമിച്ചു. തുടര്‍ന്ന് കൂട്ടത്തല്ലായി. സംഘർഷത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. പട്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ വിഷ്ണു പരുമല ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ചിലർ വണ്ടാനം മെഡിക്കൽ കോളേജിലും ചികിത്സ തേടി. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. തോക്ക് കസ്റ്റഡിയിൽ എടുത്തു. റിവോൾവർ ഒറിജിനൽ ആണോ എന്നറിയാൻ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam