ഗെയില്‍ പൈപ്പിടല്‍ പൂര്‍ത്തിയായി; കൊച്ചി മംഗളൂരു പ്രകൃതിവാതക പദ്ധതിയുടെ കമ്മീഷനിംഗ് ഉടൻ

By Web TeamFirst Published Nov 16, 2020, 5:13 PM IST
Highlights

പൈപ്പിടൽ പൂർത്തിയായതോടെ വരും ദിവസങ്ങളിൽ കൊച്ചിയിൽ നിന്ന് 450 കിലോമീറ്റർ ദൂരെയുള്ള മംഗളൂരുവിലെ വ്യവസായ ശാലകളിലേക്ക്
പ്രകൃതിവാതകമൊഴുകും. ഒപ്പം എറണാകുളം മുതൽ കാസർകോട് വരെയുള്ള മുഴുവൻ ജില്ലകളിലും ടാപ് ഓഫ് സ്റ്റേഷൻ ഉൾപ്പടെ 28കേന്ദ്രങ്ങളുണ്ട്. 

കൊച്ചി: കൊച്ചി മംഗളൂരു പ്രകൃതിവാതക പദ്ധതിയുടെ കമ്മീഷനിംഗ് ഉടൻ. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കൊച്ചി മുതൽ മംഗളൂരു വരെയുള്ള 450 കിലോമീറ്റർ പൈപ്പിടൽ പൂർത്തിയായി. കാസർകോട് ചന്ദ്രഗിരി പുഴയിലൂടെയുള്ള നിർമ്മാണ പ്രതിസന്ധി പരിഹരിച്ചതോടെയാണ് പദ്ധതി പൂർണ്ണ സജ്ജമായത്. സംസ്ഥാനത്തിന്‍റെ പകുതി ജില്ലകളിൽ ഇനി മുതൽ പ്രകൃതിവാതകം ലഭ്യമാകും. വ്യവസായങ്ങൾക്കും,വാഹനങ്ങൾക്കും മാത്രമല്ല ഗാർഹിക ആവശ്യങ്ങൾക്കും പ്രകൃതിവാതകം ഉറപ്പാക്കുന്നത് വഴി ഊർജ്ജ വിതരണരംഗത്ത് പ്രതീക്ഷിക്കുന്നത് വൻ കുതിച്ചുചാട്ടമാണ്.

പൈപ്പിടൽ പൂർത്തിയായതോടെ വരും ദിവസങ്ങളിൽ കൊച്ചിയിൽ നിന്ന് 450 കിലോമീറ്റർ ദൂരെയുള്ള മംഗളൂരുവിലെ വ്യവസായ ശാലകളിലേക്ക്
പ്രകൃതിവാതകമൊഴുകും. ഒപ്പം എറണാകുളം മുതൽ കാസർകോട് വരെയുള്ള മുഴുവൻ ജില്ലകളിലും ടാപ് ഓഫ് സ്റ്റേഷൻ ഉൾപ്പടെ 28കേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്ന് കണക്ഷനെടുത്ത് വാഹനങ്ങൾക്കും,ഗാർഹിക ആവശ്യങ്ങൾക്കും പ്രകൃതിവാതകം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലേക്കെത്തിക്കാം. ജില്ലകളിൽ ഈ രീതിയിലുള്ള സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത് അദാനി ഗ്യാസ് ലിമിറ്റഡാണ്. കൊച്ചിയിൽ നിന്ന് പാലക്കാട് കൂറ്റനാട് വരെയുള്ള 90 കിലോമീറ്റർ 2019 കമ്മീഷൻ ചെയ്തിരുന്നു.

പ്രധാന ജംഗ്ഷനായ കൂറ്റനാട് നിന്നാണ് 354 കിലോമീറ്റർ ദൂരത്തുള്ള മംഗളൂരുവിലേക്കും, 525 കിലോമീറ്റർ ദൂരത്തുള്ള ബെംഗളൂരുവിലേക്കും പൈപ്പ് ലൈൻ തുടങ്ങുന്നത്. മംഗളൂരു പാതയിൽ പ്രതിസന്ധിയായത് ചന്ദ്രഗിരി പുഴയിലെ പൈപ്പിടലായിരുന്നു. 2010ലാണ് കൊച്ചിയിൽ പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതിക്ക് തുടക്കമാകുന്നത്. ജനവാസമേഖലയിലൂടെയുള്ള പൈപ്പിടലിനെതിരെ പ്രതിഷേധം ശക്തമായതോടെ ഒരു ഘട്ടത്തിൽ പദ്ധതി തന്നെ മുടങ്ങുന്ന അവസ്ഥയെത്തി. ഒടുവിൽ പത്ത് വർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാകുന്നത്. തെക്കൻ ജില്ലകളിലേക്ക് പൈപ്പുകളിലൂടെയാകില്ല പ്രകൃതിവാതക വിതരണം. പകരം കൊച്ചിയിൽ നിന്ന് ടാങ്കറുകളിൽ ഓരോ ജില്ല കേന്ദ്രങ്ങളിലെയും സാറ്റലൈറ്റ് സ്റ്റേഷനുകളിൽ പ്രകൃതിവാതകം എത്തിച്ച ശേഷം വിതരണം ചെയ്യും.

click me!