
കൊച്ചി: യുവതി പരാതി ആദ്യം കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണെന്നും മുഖ്യമന്ത്രി ഡിജിപി ആണോയെന്നും രാഹുൽ മാങ്കൂട്ടത്തിന്റെ അഭിഭാഷകൻ അഡ്വ. ജോർജ് പൂന്തോട്ടം. മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷൻ ആണെന്ന് അറിയുന്നത് ആദ്യം ആണ്. ഇത് കഴിഞ്ഞ ഒരു മൂന്ന് മാസമായി ഉണ്ടാക്കിയെടുത്ത ഹൈപ്പ് ആണ്. വാട്സ് അപ്പ് ചാറ്റിലെ സംഭാഷണം രാഹുലിന്റേതാണെന്നതിന് എന്താണ് തെളിവ്. ഇത് നാടകം ആണ്. സർക്കാരിന് ശബരിമല വിഷയം മറയ്ക്കാൻ ഉഉള്ളതാണെന്നും അതിനായി മസാല കഥ മെനയുകയാണ് സർക്കാരും ഒരു ചാനൽ മുതലാളിയുമെന്ന് രാഹുൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അഡ്വ. ജോർജ് പൂന്തോട്ടം പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അഭിഭാഷകൻ.
രാഹുൽ വിളിച്ചിരുന്നു. രാഹുലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ ഉടൻ നിയമ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. മുഖ്യമന്ത്രി എന്നാണ് പൊലീസ് സ്റ്റേഷൻ ആയത്. പരാതി നൽകിയതിൽ തന്നെ അസ്വാഭാവികതയുണ്ട്. ഇത് തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ നാടകമെന്നും ശബരിമല വിഷയം മറയ്ക്കാൻ സർക്കാരും ഒരു ചാനൽ മുതലാളിയും ചേർന്ന് നടത്തിയ നാടകമാണെന്നും രാഹുൽ തന്നോട് പറഞ്ഞു. എല്ലാം വിവരങ്ങളും ഒരു ചാനലിനല്ലേ ലഭിച്ചത്. പുറത്ത് വന്ന ഓഡിയോ രാഹുലിന്റെതാണ് എന്നതിന് എന്ത് തെളിവാണ് ഉള്ളത്. ഇത് രാഷ്ട്രീയ നാടകമാണ്. നിലമ്പൂർ തെരഞ്ഞെടുപ്പ് സമയത്താണ് ഗർഭഛിദ്രം നടത്തിയതെന്ന് പെൺകുട്ടി പറയുന്നതായാണ് ഓഡിയോയിലുള്ളത്. എന്നിട്ട് ഇപ്പോഴാണോ പരാതി പറയുന്നതെന്നും അഭിഭാഷകൻ ചോദിച്ചു.
അതേസമയം, യുവതിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം സജീവമാക്കി. പരാതി സംബന്ധിച്ച തുടർനടപടികൾ ആലോചിക്കുന്നതിനായി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിവരങ്ങൾ ചർച്ച ചെയ്തു. യുവതിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുകയാണ്. പരാതിക്കാരിയായ യുവതി ഇന്ന് വൈകുന്നേരം 4.15-ഓടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. 4.50-ന് പരാതി രേഖാമൂലം കൈമാറിയ ശേഷം മടങ്ങുകയായിരുന്നു. ആദ്യം ക്ലിഫ് ഹൗസിലേക്ക് പോകാനാണ് യുവതി ശ്രമിച്ചതെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അവിടേക്ക് എത്തിക്കുകയായിരുന്നു. തെളിവുകൾ ഉൾപ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുന്നതോടെ അന്വേഷണത്തിന്റെ വേഗത വർദ്ധിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയും അതിലെ തെളിവുകളും കേസിൽ നിർണ്ണായകമാകും. ഇതോടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായ കുരുക്ക് മുറുകിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam