സുഹൃത്തിനൊപ്പം കേരളത്തിലെത്തിയ ശേഷം കാണാതായി; ജർമ്മൻ യുവതിയുടെ തിരോധാനത്തിൽ വഴിത്തിരിവ്; യുകെയിലുള്ളയാളെ കണ്ടെത്താൻ ശ്രമം

Published : Aug 10, 2025, 08:49 AM IST
Liza Weiss

Synopsis

ആറ് വർഷം മുൻപ് കേരളത്തിലെത്തിയ ശേഷം കാണാതായ ജർമൻ യുവതിയുടെ തിരോധാനത്തിൽ വഴിത്തിരിവ്

തിരുവനന്തപുരം: ജർമ്മൻ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിൽ വഴിത്തിരിവ്. 2019 മാർച്ചിൽ കേരളത്തിലെത്തിയ ജർമ്മൻ യുവതി ലിസ വീസിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലാണ് ബ്രിട്ടീഷ് പൗരത്വമുള്ള മുഹമ്മദ് അലിക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയത്. ലിസ വീസിനൊപ്പം കേരളത്തിലെത്തിയ ശേഷം ഒറ്റയ്ക്ക് മടങ്ങിയ ഇയാൾ യുകെയിലാണ് ഉള്ളത്. ഇന്ത്യ - യുകെ കുറ്റവാളി കൈമാറ്റ കരാർ പ്രകാരം യുകെയിൽ നിന്ന് മുഹമ്മദ് അലിയെ കേരളത്തിലെത്തിക്കാൻ പൊലീസ് ഇൻ്റർപോളിൻ്റെ സഹായം തേടി.

അന്വേഷണം ത്വരിതപ്പെടുത്തുമെന്നും മുഹമ്മദ് അലിയെ വേഗം കണ്ടെത്താൻ ശ്രമിക്കുമെന്നുമാണ് ഇൻ്റർപോളിൽ നിന്ന് കേരള പൊലീസിന് ലഭിച്ചിരിക്കുന്ന ഉറപ്പ്. ഇന്ത്യ-യുകെ കരാർ പ്രകാരം പ്രതിയെ യുകെയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. ലിസ വീസിൻ്റെ തിരോധാനത്തിൽ മുഹമ്മദ് അലിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

ഇസ്‌ലാം ആശയങ്ങളില്‍ ആകൃഷ്ടയായി 2011 ൽ ലിസ മതം മാറിയിരുന്നു. ഈജിപ്റ്റിലെ കെയ്റോയില്‍വച്ച് കണ്ടുമുട്ടിയ ആളെ വിവാഹം ചെയ്ത ശേഷം അയാളോടൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കി. ഈ ബന്ധത്തിൽ ഇവർക്ക് 2 കുട്ടികളുണ്ട്. ഭര്‍ത്താവുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് പിന്നീട് ഇവർ ജര്‍മനിയിലേക്ക് പോയി. 2019 മാർച്ച് അഞ്ചിനാണ് ലിസ ഇന്ത്യയിലേക്ക് വന്നത്. കടുത്ത മാനസിക പ്രയാസത്തിലായിരുന്നു ഇവരെന്നാണ് കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരി ലിസയുടെ ബന്ധുക്കളോട് സംസാരിച്ച ശേഷം സമൂഹമാധ്യമത്തിൽ കുറിച്ചത്.

തൻ്റെ സഹോദരി കരോലിനോട് താൻ ഇന്ത്യയിലേക്ക് പോവുകയാണെന്ന് ലിസ പറഞ്ഞിരുന്നു. ലിസ കേരളത്തിലെത്തിയിരുന്നു എന്നത് പിന്നീട് സ്ഥിരീകരിച്ചിരുന്നു. തൃശ്ശൂരിലെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യം ഇതിന് തെളിവായി. ലിസ വർക്കലയിൽ താമസിച്ചിരുന്നതായും കണ്ടെത്തി. പിന്നീട് ലിസയെ എവിടെയും കണ്ടിട്ടില്ല. ഇതിനിടെ മാർച്ച് 15 ന് ലിസയ്ക്ക് ഒപ്പം കേരളത്തിൽ വന്ന മുഹമ്മദ് അലി യുകെയിലേക്ക് തിരികെ പോയി. മകളെ കുറിച്ച് വിവരമൊന്നും ഇല്ലാതെ വന്നതോടെ ജൂണിൽ ലിസയുടെ അമ്മ ജർമ്മൻ കോൺസുലേറ്റിൽ പരാതി നൽകി. ഇത് കേരള പൊലീസിന് കൈമാറിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മുഹമ്മദ് അലിയെ കണ്ടെത്താൻ യുകെയിലേക്ക് പോകാൻ അടക്കം കേരള പൊലീസ് ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം