അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തതിന് പെൺകുട്ടിയെ മർദ്ദിച്ച സംഭവം : പ്രതി കീഴടങ്ങി

Published : Jul 03, 2022, 08:39 AM IST
അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തതിന് പെൺകുട്ടിയെ മർദ്ദിച്ച സംഭവം : പ്രതി കീഴടങ്ങി

Synopsis

മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ്  പ്രതി അൻസാർ കീഴടങ്ങിയത്

മൂവാറ്റുപുഴ:  മാറാടിയില്‍ അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ പ്രതി കീഴടങ്ങി. പെൺകുട്ടിയെ ആക്രമിച്ച പ്രതി അൻസാറാണ് കീഴടങ്ങിയത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഇയാൾ മൂവാറ്റുപുഴ ഡിവൈഎസ്‍പി ഓഫീസിലെത്തി കീഴടങ്ങിയത്.

അപകടകരമായ രീതിയിൽ മണ്ണ് ഖനനം ചെയ്യുന്നത് ചോദ്യം ചെയ്ത ഇരുപത് വയസുകാരിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തെതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് അറസ്റ്റിലേക്ക് എത്തിയില്ല. അറസ്റ്റ് വൈകിക്കുന്നത് സിപിഎം സമ്മർദ്ദം കൊണ്ടാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മര്‍ദ്ദനമേറ്റത് ദളിത് പെണ്‍കുട്ടിക്കായതിനാല്‍ പ്രത്യേകം അന്വേഷിക്കണമെന്നാവശ്യപെട്ട് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗവകുപ്പ് മന്ത്രിയെ സമീപിച്ചിരുന്നു. സിപിഎം പ്രാദേശിക നേതാവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണെടുപ്പിന് പിന്നിലെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.

മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ ഇരുപതാം വാർഡിൽ വീടിന് പുറകിൽ അപകടമുണ്ടാകും വിധം 20 അടിയിലധികം താഴ്ചയിൽ മണ്ണെടുക്കുന്നതിനെയാണ് പെൺകുട്ടി എതിർത്തത്.  ഇനിയും മണ്ണെടുപ്പ് തുടര്‍ന്നാല്‍ സ്വന്തം വീട് നശിക്കുമെന്ന് ഉറപ്പായപ്പോഴാണ് പ്രതികരിച്ചതെന്ന് ഡിഗ്രി വിദ്യാർത്ഥിനിയായ അക്ഷയ വ്യക്തമാക്കിയിരുന്നു. എതിർത്തതോടെ പെൺകുട്ടിയെ മണ്ണെടുക്കാനെത്തിയ സംഘം ആക്രമിച്ചു. പരിക്കേറ്റ 20 വയസ്സുകാരിയെ മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മണ്ണെടുക്കാൻ ജിയോളജിയും പഞ്ചായത്തും റവന്യൂ ഉദ്യോഗസ്ഥരും അനുമതി നൽകിയിട്ടില്ലെന്നാണ് നാട്ടുകാരും വ്യക്തമാക്കിയിരുന്നു. 

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും