സിഡിറ്റ് ഡയറക്ടറായി ജി ജയരാജനെ നിയമിച്ചത് റദ്ദാക്കി; ഡോക്ടര്‍ ചിത്ര പുതിയ ഡയറക്ടര്‍

By Web TeamFirst Published Mar 25, 2020, 9:33 AM IST
Highlights

 നിയമനം സി-ഡിറ്റ് നിയമാവലി അനുസരിച്ചുള്ള യോഗ്യതയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി.

തിരുവനന്തപുരം: സി-ഡിറ്റ് ഡയറക്ടറായ ജി ജയരാജനെ സർക്കാർ തൽസ്ഥാനത്തുനിന്നും നീക്കി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഹരിതമിഷന്‍റെ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സനുമായ ടി എൻ സീമയുടെ ഭർത്താവ് ജി ജയരാജന്‍റെ സി-ഡിറ്റിറ്റ് നിയമനം ഏറെ വിവാദമായിരുന്നു. ജയരാജന്‍റെ നിയമനം ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സർക്കാരിന്‍റെ പിന്മാറ്റം. 

ചട്ടംലംഘിച്ചുള്ള ജയരാജന്‍റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി-ഡിറ്റിലെ ഭരണാനുകൂല സംഘടനയായ സിഐടിയു മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുപോലും സർക്കാർ ആദ്യം അനങ്ങിയിരുന്നില്ല. നിയമനം ഹൈക്കോടതിയിൽ ചോദ്യം ചെയ്‍തതിന് പിന്നാലെ ജയരാജൻ സി-ഡിറ്റിലെ ജീവനക്കാരെ വിളിച്ച് നടത്തിയ പ്രസംഗവും വിവാദമായിരുന്നു. മുഖ്യമന്ത്രി സംരക്ഷിക്കുമെന്നായിരുന്നു ജയരാജന്‍റെ പ്രസംഗം.

ജയരാജനെ തൽസ്ഥാനത്ത് നിന്ന് നീക്കി ഐടി മിഷൻ ഡയറക്ടർ ഡോ. ചിത്രക്ക് ഡയറക്ടറുടെ അധിക ചുമതല നൽകി ഇന്നലെ വൈകുന്നേരമാണ് സർക്കാർ ഉത്തരവിറക്കിയത്. ജയരാജൻ സി-ഡിറ്റ് രജിസ്ട്രാര്‍ ആയിരിക്കെയാണ് ഡയറക്ടർ നിയമന രീതിയിൽ ഭേദഗതി കൊണ്ടുവന്നത്. ജയരാജന്‍ സ്വന്തം യോഗ്യതകള്‍ക്കനുസരിച്ച് നിയമഭേഗതി കൊണ്ടുവന്നുവെന്നാണ് ആക്ഷേപം. രജിസ്ട്രാറായി വിരമിച്ച ശേഷം ജയരാജന് ഡയറക്ടറായി പുനർ നിയമനം നൽകുകയായിരുന്നു. നിയമവുമായി ബന്ധപ്പെട്ട് എല്ലാ ഫയലുകളും ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് പുറത്താക്കൽ. 

click me!