സ്വർണം കടത്താൻ പണം നൽകിയത് കോഴിക്കോട് സ്വദേശി സംജു, കസ്റ്റംസ് അറസ്റ്റ് ചെയ്തു

By Web TeamFirst Published Jul 16, 2020, 5:43 PM IST
Highlights

കേസിലെ മുഖ്യകണ്ണികളായ ജലാൽ, റമീസ് എന്നിവർ ഈ മാസം ഒന്ന് രണ്ട് തീയതികളിൽ തലസ്ഥാനത്ത് ഉണ്ടായിരുന്നുവെന്ന നിർണ്ണായക വിവരം കസ്റ്റംസിന് ലഭിച്ചു

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് കേസിൽ വീണ്ടും അറസ്റ്റ്. കോഴിക്കോട് ജില്ലയിലെ ഏലത്തൂർ എരഞ്ഞിക്കൽ നെടിയമ്പ്രത്ത് റസിയ മൻസിലിൽ ടിഎം സംജുവാണ് അറസ്റ്റിലായത്. എസ്എസ് ജ്വല്ലറി ഉടമയുടെ മകളുടെ ഭർത്താവാണ് സംജു. ഇതോടെ കേസിൽ കസ്റ്റംസ് അറസ്റ്റിലായവരുടെ എണ്ണം എട്ടായി. 

കേസിൽ മൂന്നു പേർ കൂടി ഇന്ന് രാവിലെ കസ്റ്റംസ് പിടിയിലായിരുന്നു. സ്വർണം വിറ്റഴിക്കാൻ  ഇടനിലക്കാരായവരാണ് ഇവർ. കേസിലെ മുഖ്യകണ്ണികളായ ജലാൽ, റമീസ് എന്നിവർ ഈ മാസം ഒന്ന് രണ്ട് തീയതികളിൽ തലസ്ഥാനത്ത് ഉണ്ടായിരുന്നുവെന്ന നിർണ്ണായക വിവരം കസ്റ്റംസിന് ലഭിച്ചു. ഈ രണ്ട് പേർക്കുമൊപ്പം അൻവർ, ഷാഫി എന്നിവരും ഉണ്ടായിരുന്നു. മൂന്ന് മുറികളാണ് ഹോട്ടലിൽ മുഹമ്മദാലി എന്ന പേരിൽ ബുക്ക് ചെയ്തിരുന്നത്. ഇതിൽ ഒരു മുറി മാത്രമാണ് ഉപയോഗിച്ചത്. ഹോട്ടലിന് സമീപത്തുളള ഫ്ലാറ്റിലും ഇവർ തങ്ങിയിരുന്നു. ഈ ഫ്ലാറ്റിലാണ് എം ശിവശങ്കരൻ താമസിക്കുന്നത്.

സ്വപ്നയുടെ ഭർത്താവിന്റെ പേരിൽ ഇതേ ദിവസങ്ങളിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. ഈ ദിവസങ്ങളിൽ സ്വപ്നയുടെ ടവർ ലൊക്കേഷനും സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചായിരുന്നു. സെക്രട്ടറിയേറ്റിനടുത്തുളള ഫ്ലാറ്റും ഹോട്ടലും കേന്ദ്രീകരിച്ച് പ്രതികളെല്ലാം ചേർന്ന് ഗൂഢാലോചന നടത്തിയെന്ന കാര്യം വ്യക്തമാവുകയാണ്. അതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സ്വർണക്കടത്ത് കേസിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.

click me!