സ്വർണക്കടത്ത് പ്രതികളുടെ ഇടപാടുകൾ മറച്ചു വച്ച് എ.ആർ നഗർ ബാങ്ക്; നടപടിയെടുക്കാതെ സഹകരണ വകുപ്പും കസ്റ്റംസും

By Web TeamFirst Published Jul 28, 2021, 9:43 AM IST
Highlights

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സന്ദീപുമടക്കമുള്ള പ്രധാനപ്രതികൾക്കും സ്വർണക്കടത്തിന് ഫണ്ട് ഇറക്കിയ വേങ്ങര സ്വദേശികൾക്കും ഈ ബാങ്കിൽ നിക്ഷേപമുണ്ടെന്നും ഇവരുടെ ഇടപാട് വിവരങ്ങൾ വേണമെന്നും ആവശ്യപ്പെട്ട് അന്വേഷണ ഏജൻസിയായ കസ്റ്റംസ് രംഗത്ത് എത്തിയിരുന്നു. 

മലപ്പുറം: കള്ളപ്പണനിക്ഷേപത്തിൻ്റെ പേരിൽ ആദായനികുതി വകുപ്പിൻ്റെ നടപടി നേരിട്ട മലപ്പുറം എ ആർ നഗർ സഹകരണ ബാങ്ക് വിവാദമായ നയതന്ത്ര സ്വർണക്കടത്ത് കേസിലും അന്വേഷണം നേരിട്ടതായി വ്യക്തമായി. നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ നിക്ഷേപത്തെക്കുറിച്ചുള്ള അന്വേഷണമാണ് എ.ആർ നഗർ സഹകരണബാങ്കിലേക്ക് എത്തിയത്. എന്നാൽ സ്വർണക്കടത്ത് കേസ് പ്രതികളുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്ക്കാൻ ബാങ്ക് തയ്യാറായില്ലെന്നാണ് സഹകരണ വകുപ്പിൻ്റെ റിപ്പോർട്ടിൽ നിന്നും വ്യക്തമാവുന്നത്. 

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സന്ദീപുമടക്കമുള്ള പ്രധാനപ്രതികൾക്കും സ്വർണക്കടത്തിന് ഫണ്ട് ഇറക്കിയ വേങ്ങര സ്വദേശികൾക്കും ഈ ബാങ്കിൽ നിക്ഷേപമുണ്ടെന്നും ഇവരുടെ ഇടപാട് വിവരങ്ങൾ വേണമെന്നും ആവശ്യപ്പെട്ട് അന്വേഷണ ഏജൻസിയായ കസ്റ്റംസ് രംഗത്ത് എത്തിയിരുന്നു. ഇടപാട് വിവരങ്ങൾ തേടി സഹകരണ സംഘം രജിസ്റ്റാർക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ കത്ത് നൽകി.

കസ്റ്റംസ് നിർദേശത്തെ തുടർന്ന് 2020 ആഗസ്റ്റ് മാസം 18-ന് സഹകരണവകുപ്പിൽ നിന്നുള്ള ഒരു സംഘം ഉദ്യോഗസ്ഥർ ബാങ്കിലെത്തി പരിശോധിച്ചു. പ്രതികളുടെ ഇടപാട് വിവരങ്ങൾ തേടി സഹകരണവകുപ്പ് ഉദ്യോഗസ്ഥർ ബാങ്ക് സെക്രട്ടറിക്ക് കത്ത് നൽകി. എന്നാൽ ഉദ്യോഗസ്ഥരെ തടഞ്ഞ ബാങ്ക് സെക്രട്ടറിയടക്കമുള്ളവർ വിവരങ്ങൾ നൽകാതെ അവരെ തിരിച്ചയച്ചു. 

അതേ ദിവസം വൈകിട്ടോടെ എ.ആർ.നഗർ സഹകരണ ബാങ്കിൽ നിന്നും ഒരു കത്ത് സഹകരണ രജിസ്ട്രാറുടെ ഓഫീസിലേക്ക് എത്തി. സ്വർണക്കടത്ത് കേസ് പ്രതികൾക്കാർക്കും ബാങ്കിൽ അക്കൗണ്ടിലെന്ന ഒരു ഒഴുക്കൻ മറുപടി മാത്രമാണ് കത്തിലുണ്ടായിരുന്നത്. പരിശോധനയ്ക്ക് എത്തിയ സഹകരണവകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനി‍ർവഹണം തടഞ്ഞ ബാങ്കിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകിയെങ്കിലും ഒന്നും നടന്നില്ല. ബാങ്കിന്റെ നാല് വരി കത്ത് തൊണ്ട തൊടാതെ വിഴുങ്ങിയ കസ്റ്റംസും സഹകരണ രജിസ്ട്രാറും തുട‍ർ നടപടികളിലേക്കും പോയില്ല. 

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഇതേ ബാങ്കിൽ നടന്ന പത്ത് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകളുടെ വിശദവിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. തുട‍ർന്ന് ഡി. ബിന്ദു എന്ന സഹകരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ബാങ്കിൽ പരിശോധനക്കെത്തി. ബാങ്കിലെ ക്യാഷ് ബുക്ക് പരിശോധിക്കാൻ ബിന്ദു ശ്രമിച്ചപ്പോൾ അഡ്മിനിസ്ട്രേറ്റ് ഓഫീസർ  ഹരികുമാറും സംഘവും അവരെ ഭീഷണിപ്പെടുത്തി .ബിന്ദുവിന്റെ ജോലി തെറിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഹരികുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു നൽകിയ പരാതി സഹകരണവകുപ്പ് മുക്കി. ബിന്ദുവിനെതിരെ പൊലീസിൽ പരാതി നൽകി കുടുക്കാനും ഇതിനിടയിൽ നീക്കമുണ്ടായി.  

തിണ്ണമിടുക്കും അധികാരത്തിലെ സ്വാധീനവും ഉപയോ​ഗിച്ചാണ് രാജ്യത്തെ നിയമസംവിധാനങ്ങളെ വരെ വെല്ലുവിളിച്ച് കൊണ്ട് പ്രവ‍ർത്തിക്കാൻ മലപ്പുറം എ.ആർ ന​ഗ‍ർ ബാങ്കിന് സാധിക്കുന്നത്. നാട്ടിലെ പൊതുമേഖലാ ബാങ്കുകളിൽ നടക്കുന്ന  അന്വേഷണങ്ങൾക്ക് പോലും ഒരു സാധാ സഹകരണബാങ്കിൽ വിലക്ക് നേരിടുന്നു. ബാങ്കിലെ ജീവനക്കാർക്കും ഭരണസമിതിക്കുമെതിരെ ഒരു വനിതാ ഉദ്യോഗസ്ഥയടക്കമുള്ളവർ നൽകിയ പരാതികൾ മുക്കിയ സഹകരണവകുപ്പും എല്ലാത്തിനും ഒത്താശ ചെയ്യുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!