വീട്ടിലേക്ക് പൊലീസിനെ അയച്ചാലോ ഭവന രഹിതനാക്കിയാലോ താൻ അസ്വസ്ഥനാകുമെന്നാണ് ബിജെപി കരുതുന്നത്. വയനാടിന്റെ എംപി സ്ഥാനത്ത് തുടർന്നാലും ഇല്ലെങ്കിലും വയനാടുമായുള്ള തന്റെ ബന്ധത്തിൽ മാറ്റം വരില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ചോദ്യങ്ങൾ ചോദിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാകില്ല: രാഹുൽ ഗാന്ധി
തന്റെ പദവിയോ വീടോ ഇല്ലാതാക്കാം, എന്നാൽ ചോദ്യങ്ങൾ ചോദിക്കുന്നത് ഇല്ലാതാക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി. അയോഗ്യനാക്കിയതിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു. സത്യമേവ ജയതേ എന്ന പേരിൽ നടക്കുന്ന സമ്മേളനത്തിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് രാഹുൽ അയോഗ്യനാക്കിയതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ പ്രസംഗിച്ചത്. എംപി സ്ഥാനം കേവലം ഒരു സ്ഥാനം മാത്രമാണ്. ഭരണകൂടത്തിന് തന്റെ സ്ഥാനം ഇല്ലാതാക്കാം വീട് ഇല്ലാതാക്കാം എന്നാൽ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാനാകില്ല. ഇന്ത്യയെക്കുറിച്ചുള്ള രണ്ട് കാഴ്ചപ്പാടുകൾ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. തന്നെ ഭയപ്പെടുത്താനാകില്ല എന്ന് ബിജെപിക്ക് മനസിലായിട്ടില്ല. വീട്ടിലേക്ക് പൊലീസിനെ അയച്ചാലോ ഭവന രഹിതനാക്കിയാലോ താൻ അസ്വസ്ഥനാകുമെന്നാണ് ബിജെപി കരുതുന്നത്. വയനാടിന്റെ എംപി സ്ഥാനത്ത് തുടർന്നാലും ഇല്ലെങ്കിലും വയനാടുമായുള്ള തന്റെ ബന്ധത്തിൽ മാറ്റം വരില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ കേസ്: പരാതിക്കാരൻ ശശികുമാറിനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ സംഭവത്തിൽ റിവ്യു ഹർജി പരിഗണിക്കുന്നതിനിടെ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത ന്യായാധിപന്മാർ. ശശികുമാറിന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. എന്തോ കണക്കുകൂട്ടിയാണ് അദ്ദേഹം പറയുന്നതെന്നും ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് കുറ്റപ്പെടുത്തി. വിശ്വാസമില്ലെങ്കിൽ എന്തിനാണ് കേസ് ലോകായുക്ത പരിഗണിക്കുന്നതെന്ന് ലോകായുക്ത ചോദിച്ചു. ഒരു കേസ് പരിഗണനയിലിരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറയുന്നത് ശരിയല്ല. ആൾക്കൂട്ട അധിഷേപം നടത്തുകയാണ്. പേപ്പട്ടി ഒരു വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്. അതുകൊണ്ടാണ് കൂടുതൽ പറയാത്തതെന്നും ലോകായുക്ത പറഞ്ഞു. കോടതിയിൽ പറയേണ്ട കാര്യമേ പറയാവൂവെന്നും ലോകായുക്ത വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശൻ പ്രതിയായ എസ് എൻ കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെനനാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ഉത്തരവ്. കേസ് തുടരേണ്ടതില്ലെന്ന റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളി. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പാലക്കാട്: അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തെക്ക് മാറ്റുന്നത് ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നത് പോലെയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വിദഗ്ദ്ധ സമിതി, കോടതി എന്നിവരുടെ യുക്തി സാധാരണ ജനങ്ങൾക്ക് മനസ്സിലായിട്ടില്ല. ഞാനും ഒരു സാധാരണക്കാരൻ ആണ്. എനിക്കും മനസ്സിലായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഹൈകോടതി സർക്കാരിനോട് അഭിപ്രായം ചോദിച്ചാൽ അപ്പോൾ നിലപാട് വ്യക്തമാക്കും. സാറ്റലൈറ്റ് റേഡിയോ കോളർ ലഭ്യമാണോ എന്നു പോലും ഉറപ്പില്ല. കോടതി അത് പരിശോധിച്ചിട്ടില്ല. എന്തായാലും റേഡിയോ കോളർ ഉടൻ എത്തില്ല എന്നും മന്ത്രി വ്യക്തമാക്കി.
ബ്രഹ്മപുരം തീപ്പിടുത്തത്തെ തുടർന്ന് നൂറ് കോടി രൂപ രൂപ കൊച്ചി കോർപ്പറേഷന് പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി രണ്ട് മാസത്തേക്ക് സാവകാശം നൽകി. കോർപ്പറേഷന്‍റെ ആവശ്യം പരിഗണിച്ചാണ് പിഴ തുക അടയ്ക്കാൻ രണ്ട് മാസത്തെ കാലാവധി നീട്ടി നൽകിയത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ വൈകുന്നതോടെ കൊച്ചിയിലെ റോഡുകൾ ബ്രഹ്മപുരത്തിന് തുല്യമായെന്ന് കോടതി നിരീക്ഷിച്ചു.
തീപ്പിടുത്തതിന് പിന്നാലെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ വീഴ്ചകൾ ബോദ്ധ്യമായതിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ, കൊച്ചി കോർപ്പറേഷന് നൂറ് കോടി രൂപ പിഴ ചുമത്തിയത്. പിഴ ചുമത്താനുള്ള ഉത്തരവിനെതിരെ കോർപറേഷൻ നൽകിയ ഹർജി പരിഗണിച്ചാണ് പിഴ അടയ്ക്കാനുള്ള സാവകാശം കോടതി രണ്ട് മാസത്തേക്ക് നീട്ടി നൽകിയത്.
എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസിൽ പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാതെ പ്രതി ഷാറൂഖ് സെയ്ഫി. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും ബോധപൂർവം അസ്വസ്ഥതകൾ പ്രകടിപ്പിച്ച് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ് ഷാറൂഖ് എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കസ്റ്റഡിയിൽ കിട്ടി ദിവസങ്ങൾ ആയിട്ടും തെളിവെടുപ്പ് വൈകുകയാണ്. 14 മണിക്കൂർ ചെലവിട്ട ഷൊർണൂരിൽ , റെയിൽവേ സ്റ്റേഷന് സമീപത്ത് താമസിക്കുന്നവരിൽ ഉത്തരേന്ത്യൻ ബന്ധമുള്ളവർ ഉണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമം.
അതേസമയം പ്രതി ദില്ലിയിൽ നിന്ന് കോഴിക്കോട്ടേക്കാണ് ടിക്കറ്റെടുത്തത് എന്ന് വ്യക്തമായി. ഇതോടെ കോഴിക്കോട് തന്നെ ആക്രമണം നടത്താനുറച്ചാണ് പ്രതി വന്നതെന്ന നിഗമനത്തിലാണ് പൊലീസ്. ഷൊർണൂരിൽ ഇറങ്ങി പെട്രോൾ വാങ്ങിയതും മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ ഭാഗമായാണെന്ന് കരുതുന്നു.
യുവാവിനെ നഗ്നനാക്കി മർദ്ദിച്ച സംഭവം: മുഖ്യപ്രതി ലക്ഷ്മിപ്രിയ പിടിയിൽ
വര്‍ക്കല അയിരൂരിൽ പ്രണയത്തിൽ നിന്ന് പിന്മാറാത്തതിന് യുവാവിനെ കോളേജ് വിദ്യാര്‍ത്ഥിനിയും ഗുണ്ടകളും നഗ്‍നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. വര്‍ക്കല സ്വദേശിയും ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ലക്ഷ്മിപ്രിയയാണ് അറസ്റ്റിലായത്. ഇവരടക്കം ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമലിനെ അയിരൂര്‍ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
കാലവർഷം കനക്കും: സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയെന്ന് പ്രവചനം
കേരളത്തിൽ ഇത്തവണ മെച്ചപ്പെട്ട കാലവർഷമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മൺസൂണിൽ സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വടക്കൻ കേരളത്തിൽ മഴ കുറയും. തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രാഥമിക മൺസൂൺ പ്രവചനം വ്യക്തമാക്കുന്നു.
സർക്കാരിന് ആശ്വാസം: സഹകരണ നിയമ ഭേദഗതി ബില്ലിനെതിരായ ഹർജി ഹൈക്കോടതി തള്ളി
സംസ്ഥാന സർക്കാർ കൊണ്ടുവന്ന സഹകരണ നിയമ ഭേദഗതി ബില്ലിനെതിരായ ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാരിന് അമിത അധികാരങ്ങൾ നൽകുന്നതാണ് ഭേദഗതി ബില്ലിലെ വ്യവസ്ഥകളെന്ന വാദം കോടതി അംഗീകരിച്ചില്ല. ഭേദഗതി ബില്ലിന്മേൽ നിയമസഭാ സെലക്ട് കമ്മിറ്റി പൊതുജന അഭിപ്രായമറിയാൻ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന സിറ്റിങ് തുടരുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. കോലിയങ്കോട് കൺസ്യൂമർ സഹകരണ സംഘം സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
ഷാഫിയെവിടെ? ഇരുട്ടിൽ തപ്പി അന്വേഷണ സംഘം, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ താമരശേരിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നാല് ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഇതോടെ ഉന്നത ഉദ്യോഗസ്ഥർ താമരശ്ശേരിയിലേക്ക് പുറപ്പെട്ടു. ഐജി നീരജ് കുമാർ ഗുപ്തയും ഉത്തര മേഖല ഡിഐജി പി വിമലാദിത്യയും അന്വേഷണ ഉദ്യോഗസ്ഥരെ കാണും. പരപ്പൻ പൊയിലിലെ വീട്ടിൽ നിന്ന് മുഹമ്മദ് ഷാഫിയെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
