
കൊച്ചി: ഗൂഢാലോചന നടത്തുന്നത് സര്‍ക്കാരാണെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കെ ടി ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞത് ഉടന്‍ പുറത്ത് പറയുമെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും സ്വപ്ന ചോദിച്ചു. കൊച്ചിയില്‍ അഭിഭാഷകനുമായ കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.
യഥാർത്ഥ ഗൂഢാലോചന നടത്തിയത് കെ ടി ജലീലാണെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. ഒരു ഗൂഢാലോചനയും താൻ നടത്തിയിട്ടില്ല. രഹസ്യമൊഴിയില്‍ കെ ടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ രണ്ട് ദിവസത്തിനകം വെളിപെടുത്തുമെന്നും കെ ടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും സ്വപ്ന പറഞ്ഞു. ജലീൽ എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാണട്ടെയെന്നും അവര്‍ വെല്ലുവിളിച്ചു. തന്നെ പൊലീസ് പിന്തുടരേണ്ട കാര്യമില്ലെന്നും അവരെ പിൻവലിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. തന്‍റെ സുരക്ഷ താൻ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞ സ്വപ്ന, പൊലീസ് സംരക്ഷണം വേണ്ടെന്നും പ്രതികരിച്ചു. രണ്ട് ദിവസം ജലീൽ വിയർക്കട്ടെയെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജ് പറഞ്ഞു.
ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിലേക്ക്
ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. മുഖ്യമന്ത്രിക്കെതിരെ രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം. ഇതിനിടെ ജീവന് ഭീഷണിയുള്ള പശ്ചാത്തലത്തിൽ സ്വപ്ന സുരേഷ് സ്വന്തം നിലയിൽ രണ്ട് സുരക്ഷാ ഗാർഡുമാരെ നിയോഗിച്ചു.
മുൻമന്ത്രി കെ ടി ജലീലിന്‍റെ പരാതിയിലാണ് സ്വപ്ന സുരേഷിനെതിരെ കലാപം ഉണ്ടാക്കാൻ ശ്രമിക്കൽ, ഗൂഢാലോന അടക്കമുള്ള കുറ്റം ചുമത്തി കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയ്ക്കെതിരായ രഹസ്യ മൊഴിയ്ക്ക് പിറകിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ജലീലിന്‍റെ പരാതി. എന്നാൽ രഹസ്യമൊഴിയ്ക്ക് പിറകെ വന്ന കേസിന് പിന്നിലാണ് ഗൂഢാലോചനയുള്ളതെന്നും മൊഴി പുറത്ത് പറഞ്ഞ് കലാപത്തിന് ശ്രമിച്ചിട്ടില്ലെന്നുമാണ് സ്വപ്നയുടെ വാദം. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തി സ്വപ്ന സുരേഷ് അഭിഭാഷകനായ കൃഷ്ണരാജിനെ കണ്ടു. ചില പ്രമുഖരെ കുറിച്ച് തനിക്ക് അറിയാവുന്ന വസ്തുതകൾ പുറത്തുവിട്ടതോടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും സ്വപ്ന കോടതിയെ അറിയിക്കും. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് താൻ വേവലാതിപ്പെടുന്നില്ലെന്നും സ്വപ്ന വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ ബോധരഹിതയായി കുഴഞ്ഞു വീണ സ്വപ്ന സുരേഷ് പാലക്കാട് ചന്ദ്ര നഗറിലെ ഫ്ലാറ്റിൽ പൂർണ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ 11 ന് സ്വപ്ന പാലക്കാട് സൗത്ത് സ്റ്റേഷനിൽ ഹാജരായിരുന്നു. സ്വർണക്കടത്ത് കേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷമാണ് കൊച്ചിയിലെത്തിയത്. കൊച്ചിയിലെത്തിയപ്പോഴും ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് തലകറങ്ങിവീണു. രസ്യമൊഴിയും ശബ്ദരേഖയും പുറത്ത് വിട്ടതിന് പിന്നാലെ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്ന വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തിൽ രണ്ട് സ്വകാര്യ സുരക്ഷാ ഗാർഡുമാരെ നിയോഗിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam