തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിലേക്ക് നയിച്ച കാറപകടവുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമൻ എന്ന യുവ ഐഎഎസ് ഓഫീസർ ഇപ്പോൾ റിമാന്റിൽ കഴിയുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സസ്‌പെൻഷൻ വൈകുന്നതിന് പുറമെ, റിമാന്റ് പ്രതിക്ക് സ്വന്തം ആഗ്രഹപ്രകാരമുള്ള ചികിത്സ ലഭ്യമാക്കുന്നതിനും പൊലീസ് സമ്മതം മൂളിയിരിക്കുകയാണ്.

മദ്യപിച്ച് അമിത വേഗതയിൽ വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമായ അപകടം ഉണ്ടാക്കിയ കുറ്റത്തിലാണ് ശ്രീറാം വെങ്കിട്ടരാമൻ അറസ്റ്റിലായത്. സംസ്ഥാന സർക്കാർ സസ്‌പെന്റ് ചെയ്‌തില്ലെങ്കിലും, റിമാന്റിലായി 24 മണിക്കൂർ കഴിയുമ്പോൾ ശ്രീറാം സ്വാഭാവികമായി സസ്പെൻഷനിലാകുമെന്ന് പ്രമുഖ അഭിഭാഷകൻ എസ് ശ്രീകുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. സസ്പെൻഷൻ കാലത്ത് ശമ്പളത്തിന്റെ നിശ്ചിത ഭാഗം മാത്രമേ ഇദ്ദേഹത്തിന് ലഭിക്കൂ. ഇത് വേതനത്തിന്റെ 40-45 ശതമാനം മാത്രമായിരിക്കുമെന്നും ശ്രീകുമാർ വ്യക്തമാക്കി.

"ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് പദവി നഷ്‌ടമാകുമോയെന്ന് ഇപ്പോൾ പറയാനാകില്ല. അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ സ്വാഭാവികമായ രീതിയിൽ സർവ്വീസിൽ നിന്ന് പുറത്താക്കപ്പെടും. ഈ തീരുമാനം സംസ്ഥാന സർക്കാരാണ് എടുക്കേണ്ടത്. അത് കേന്ദ്രസർക്കാരിനെ അറിയിക്കണം എന്നുണ്ട്. എന്നാൽ സംസ്ഥാന കേഡറിലുള്ള ഉദ്യോഗസ്ഥൻ, ഗുരുതരമായ കുറ്റത്തിന് കോടതിയിൽ ശിക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളിൽ, അദ്ദേഹത്തെ പുറത്താക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ കേന്ദ്ര സർക്കാരിന് എതിർക്കാനാവില്ല," എസ് ശ്രീകുമാർ പറഞ്ഞു.

തുടര്‍ന്ന് വായിക്കാം: സ്വകാര്യ ആശുപത്രിയിൽ ശ്രീറാമിന് എസി ഡീലക്സ് റൂം; രക്തത്തിൽ മദ്യത്തിന്‍റെ അളവ് കുറയ്ക്കാൻ മരുന്നും?