കൊഴുക്കട്ട, റാഗി പായസം, എണ്ണക്കടികൾ...; ഇനി വിശന്ന് ക്ലാസിലിരിക്കേണ്ടി വരില്ല, കൊയിലാണ്ടിയിലെ സ്കൂളുകളിൽ 'ഗുഡ്മോണിങ്' തുടരും

Published : Jul 04, 2025, 05:50 PM IST
kerala snacks

Synopsis

കൊഴുക്കട്ട, റാഗി പായസം, രണ്ടാഴ്ചയിലൊരിക്കൽ എണ്ണക്കടികൾ എന്നിങ്ങനെ വൈവിധ്യമാർന്ന വിഭവങ്ങളാണ് അവർക്കായി വിദ്യാലയങ്ങളിൽ ഓരോ ദിവസവും ഒരുക്കുന്നത്

കോഴിക്കോട്: കൊയിലാണ്ടി നഗരസഭയിലെ സ്കൂൾ വിദ്യാർഥികൾ ഇനി വിശന്ന് ക്ലാസിലിരിക്കേണ്ടി വരില്ല. കൊഴുക്കട്ട, റാഗി പായസം, രണ്ടാഴ്ചയിലൊരിക്കൽ എണ്ണക്കടികൾ എന്നിങ്ങനെ വൈവിധ്യമാർന്ന വിഭവങ്ങളാണ് അവർക്കായി വിദ്യാലയങ്ങളിൽ ഓരോ ദിവസവും ഒരുക്കുന്നത്.

 ‘ദിശ' സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് 'ഗുഡ്മോണിങ്' എന്ന പദ്ധതിയിലൂടെ തുടർച്ചയായ മൂന്നാം വർഷവും നഗരസഭ ഇടവേള ഭക്ഷണം നൽകുന്നത്. 22 സ്കൂളുകളിലെ 5000ത്തിലധികം വിദ്യാർത്ഥികൾ ഇപ്പോൾ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

14 കുടുംബശ്രീ സംരംഭകർക്കാണ് ഭക്ഷണത്തിന്‍റെ ചുമതല. 20 ലക്ഷം രൂപയാണ് ഇതിനായി നഗരസഭ ചെലവിടുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കും അവർക്ക് ഉത്സാഹത്തോടെ പഠനത്തിലേർപ്പെടുന്നതിനും നല്ല പ്രഭാത ഭക്ഷണം ആവശ്യമാണെന്ന തിരിച്ചറിവിൽനിന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്. 

പ്രഭാത ഭക്ഷണം ഒഴിവാക്കി പല വിദ്യാർഥികളും സ്കൂളുകളിലെത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കുട്ടികളിലെ പോഷകാഹാര സംരക്ഷണത്തിനായാണ് പദ്ധതി ഈ വർഷവും തുടരുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പറഞ്ഞു.

പദ്ധതിയുടെ ഉദ്ഘാടനം കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സിൽ നഗരസഭ ചെയർപേഴ്സൺ നിർവ്വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. ഇംപ്ലിമെൻ്റിങ് ഓഫീസർ കെ ലൈജു പദ്ധതി വിശദീകരിച്ചു. 

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, വാർഡ് കൗൺസിലർ എ ലളിത, സി ഭവിത, പ്രധാനാധ്യാപിക ഷജിത, പി.ടി.എ പ്രസിഡന്റ് എ സജീവ്കുമാർ എന്നിവർ സംസാരിച്ചു. നഗരസഭയിലെ മുഴുവൻ സ്കൂളുകളിലും വാർഡ് കൗൺസിലർമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം