Goods Train derailed : ചരക്ക് തീവണ്ടി പാളം തെറ്റിയ സംഭവം: ഒരു വരി ഗതാഗതം പുനസ്ഥാപിച്ചു, 5 ട്രെയിനുകൾ റദ്ദാക്കി

By Web TeamFirst Published Jan 28, 2022, 7:18 AM IST
Highlights

ട്രെയിൻ എഞ്ചിൻ കഴിഞ്ഞ് 2,3,4,5 വാഗണുകളാണ് ആലുവ റെയിൽവെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള പാളത്തിൽ വെച്ച് അപകടത്തിൽപെട്ടത്

കൊച്ചി: ആലുവയിൽ ചരക്ക് തീവണ്ടി അർധരാത്രിയോടടുത്ത് പാളം തെറ്റിയ സംഭവത്തിൽ ഒരു വരിയിലൂടെ ഗതാഗതം പുനസ്ഥാപിച്ചു. യെരഗുന്റലയിൽ (ഗുണ്ടക്കൽ ഡിവിഷൻ, ആന്ധ്രാ) നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ചരക്ക് തീവണ്ടിയാണ് ആലുവയിൽ ഇന്നലെ(27.1.22) രാത്രി 10.30ന് പാളം തെറ്റിയത്.

കൊല്ലത്തേക്ക് 42 വാഗൺ സിമന്റുമായാണ് ട്രെയിൻ വന്നുകൊണ്ടിരുന്നത്. അപകടത്തിൽ ആളപായമില്ല. ട്രെയിൻ എഞ്ചിൻ കഴിഞ്ഞ് 2,3,4,5 വാഗണുകളാണ് ആലുവ റെയിൽവെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള പാളത്തിൽ വെച്ച് അപകടത്തിൽപെട്ടത്. 

ഇന്നലെ രാത്രി തന്നെ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയിരുന്നു. പുലർച്ചെ 2.15 ഓടെ ഒരു പാതയിൽ ട്രാഫിക് പുനഃസ്ഥാപിച്ച് ഒരു വരി പാതയിലൂടെ ട്രെയിൻ കടത്തി വിട്ടു തുടങ്ങി. അപകടത്തെ തുടർന്ന് അഞ്ച് ട്രെയിനുകൾ റദ്ദാക്കി. ഗുരുവായൂർ തിരുവനന്തപുരം- ഇന്റർസിറ്റി (16341), എറണാകുളം-കണ്ണൂർ ഇന്റർസിറ്റി(16305), കോട്ടയം-നിലമ്പൂർ എക്സ്പ്രസ് (16326), നിലമ്പുർ- കോട്ടയം എക്സ്പ്രസ്സ്(16325), ഗുരുവായൂർ- എറണാകുളം എക്സ്പ്രെസ്(06439)

രണ്ട് ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി. പുനലൂർ നിന്ന് ഇന്നലെ പുറപ്പെട്ട ഗുരുവായൂർ എക്സ്പ്രസ്(16328) തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു. ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട ഗുരുവായൂർ പ്രതിദിന എക്സ്പ്രസ്(16127) എറണാകുളത്ത് സർവീസ് അവസാനിപ്പിച്ചു. ഇന്ന് പുലർച്ചെ 5.15ന് പുറപ്പെടേണ്ട എറണാകുളം-പൂണെ എക്സ്പ്രെസ് മൂന്ന് മണിക്കൂർ വൈകി 8.15ന് പുറപ്പെടും.

click me!