ഗാഡ്‍ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിയമസഭാ സമിതി റിപ്പോര്‍ട്ട് അവഗണിച്ച് സര്‍ക്കാര്‍

By Web TeamFirst Published Aug 20, 2019, 7:41 AM IST
Highlights

കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തിലാണ് പരിസ്ഥിതി സംബന്ധിച്ച നിമയസഭ സമിതി പഠനം നടത്തിയത്. ഇടുക്കി, വയനാട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലാണ് സമിതി വിവര ശേഖരണം നടത്തിയത്

തിരുവനന്തപുരം: ഗാഡ്‍ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ നടപ്പാക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതിയുടെ  റിപ്പോര്‍ട്ട് അവഗണിച്ച് സര്‍ക്കാര്‍.  അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം  മൂലം പശ്ചിമഘട്ടത്തില്‍ ഉരുള്‍പൊട്ടല്‍ വര്‍ധിച്ചതടക്കം നിരവധി ഗൗരവകരമായ കണ്ടെത്തലുകള്‍ അടങ്ങിയതാണ് സമിതിയുടെ റിപ്പോര്‍ട്ട്. പ്രളയത്തിനും ഒരു മാസം മുന്‍പ് സമര്‍പ്പിച്ചെങ്കിലും ഇതേ വരെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. 

കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തിലാണ് പരിസ്ഥിതി സംബന്ധിച്ച നിമയസഭ സമിതി പഠനം നടത്തിയത്. ഇടുക്കി, വയനാട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലാണ് സമിതി വിവര ശേഖരണം നടത്തിയത്. ദുരിത ബാധിതരും , ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും സമിതിക്ക് വിവരങ്ങള്‍ കൈമാറി. കേരളത്തില്‍ പശ്ചിമഘട്ടത്തിലുള്‍പ്പെട്ട 458 കിമി ദൂരത്തില്‍ അംഗീകൃതക്വാറികളുടെ പതിന്‍മടങ്ങ് അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സമിതി കണ്ടെത്തി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ പുതിയ ക്വാറികള്‍ക്ക് അനുവാദം നല്‍കരുതെന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ ഉരുള്‍പൊട്ടല്‍  ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ നടപ്പാക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. 

മുലപ്പക്കര രത്നാകരന്‍ എംഎല്‍എ അധ്യക്ഷനായ നിയമസഭ പരിസ്ഥിതി സമിതിയുടെ ഈ നിര്‍ണായക റിപ്പോര്‍ട്ട് കഴിഞ്ഞ മാസം നാലിനാണ് സഭയില്‍ വച്ചത്.  പിവി അന്‍വര്‍ എംഎല്‍എ കൂടി ഉള്‍പ്പെടുന്ന സമിതി ഏകകണ്ഠമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്. എന്നാല്‍ നിയമസഭാ സമിതി റിപ്പോര്‍ട്ടുകള്‍ പതിവായി അവഗണിക്കുന്ന സര്‍ക്കാര്‍  ഈ റിപ്പോര്‍ട്ടിലും നടപടി സ്വീകരിച്ചില്ല. 

അതിനിടെ വീണ്ടും പ്രളയമുണ്ടാക്കുകയും നൂറിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമാക്കുകയും ചെയ്തു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി ഇടതുവലതു മുന്നണികള്‍ക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. ഗാഡ്‍ഗില്ലിന് പകരം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന താത്പര്യമാണ് ഇരുമുന്നണികളും ബിജെപിയും ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം ചില നേതാക്കള്‍ ഗാഡ‍്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ഗൗരവത്തോടെ ചര്‍ച്ച ചെയ്യണമെന്ന നിലപാടുമായി മുന്നോട്ട് വന്നിട്ടുണ്ട്.  

click me!