
തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് കോഴ്സിനുള്ള നാലര വർഷ ഫീസിൽ വിദ്യാർത്ഥികളെ വലച്ച് സർക്കാരിന്റെ മെല്ലെപ്പോക്ക്. നാലര വർഷ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിൽ ഇതുവരെയും അപ്പീൽ ഇല്ല. ഫീസ് റെഗുലേറ്ററി കമ്മിറ്റിയും നിലപാട് അറിയിച്ചിട്ടില്ല. ഇതോടെ അഞ്ച് വർഷത്തെ ഫീസ് അടയ്ക്കേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ. നാലര മുതൽ പത്ത് ലക്ഷം രൂപ വരെയാണ് വിദ്യാർത്ഥികൾ ഫീസ് ഇനത്തിൽ അധികം നൽകുന്നത്. ഈ മാസം 31നുള്ളിൽ ഫീസ് അടച്ചില്ലെങ്കിൽ ഫൈൻ ഈടാക്കും. ഫീസ് ഘടന പുതുക്കിയാൽ ആദ്യ വർഷങ്ങളിലെ ഫീസ് കൂടുമെന്ന് മാനേജ്മെന്റുകൾ അറിയിച്ചു.
എംബിബിഎസ് നാലര വർഷ കോഴ്സാണെന്നും നാലര വർഷ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് ചൂണ്ടിക്കാട്ടി നാഷണൽ മെഡിക്കൽ കമ്മീഷൻ ഈ വർഷം ആദ്യമാണ് നോട്ടീസ് ഇറക്കിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ജൂലൈ മാസമാണ് സംസ്ഥാന സർക്കാർ നാലര വർഷ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ മാനേജ്മെൻ്റുകളുടെ ഹർജി നിലനിൽക്കുന്നതിനിടെ ആണ് സർക്കാരിൻ്റെ ഉത്തരവ് ഉണ്ടായത്. ഇതേ തുടർന്ന് ഉത്തരവിനെതിരെ മാനേജ്മെൻ്റുകൾ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ നേടി. എന്നാൽ സ്റ്റേ ചോദ്യംചെയ്ത് അപ്പീൽ നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
അഞ്ച് വർഷ എംബിബിഎസ് കോഴ്സിനുള്ള ഫീസ് ഘടന ഫീസ് റെഗുലേറ്ററി കമ്മിറ്റിയാണ് നിശ്ചയിക്കുന്നതെന്നാണ് മാനേജ്മെൻ്റുകളുടെ വാദം. ഫീസ് റെഗുലേറ്ററി കമ്മിറ്റി ഇക്കാര്യത്തിൽ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.
2022 ബാച്ചിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അവസാനവട്ട ഫീസ് അടയ്ക്കേണ്ട സമയമായതിനാൽ മാനേജ്മെൻ്റുകൾ ഫീസ് ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. 2026-27 അക്കാദമി വർഷത്തെ ഫീസ് ഓഗസ്റ്റ് 31നുള്ളിൽ അടച്ചില്ലെങ്കിൽ ഫൈൻ അടക്കം നൽകേണ്ടിവരും. നാലര മുതൽ പത്ത് ലക്ഷം രൂപ വരെ അധികം അടയ്ക്കേണ്ട സാഹചര്യമുള്ളതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam