സർക്കാർ അനുവദിച്ച സ്ഥലം അളന്നു നൽകുന്നില്ല; തലചായ്ക്കാൻ ഇടമില്ലാതെ 9 ആദിവാസി കുടുംബങ്ങൾ

By Web TeamFirst Published Nov 19, 2019, 1:37 PM IST
Highlights

സംസ്ഥാനത്തെ മുഴുവൻ ഭൂരഹിതർക്കും വീടുവയ്ക്കാൻ സ്ഥലംനൽകുന്ന സമഗ്രപദ്ധതി അടുത്തമാസത്തോടെ നടപ്പാവും. എന്നാൽ സ്വന്തം ജില്ലക്കാരനായ വകുപ്പുമന്ത്രി ഉണ്ടായിട്ടുകൂടി, ഇനിയെത്രകാലം ഒരുതുണ്ട് ഭൂമിക്കായി കാത്തിരിക്കണമെന്നാണ് ആനക്കല്ല് നിവാസികളുടെ ചോദ്യം.

പാലക്കാട്: സർക്കാർ അനുവദിച്ച സ്ഥലം അളന്നു നൽകാത്തതോടെ, തലചായ്ക്കാൻ ഇടമില്ലാതെ ദുരിതത്തിലാണ് മലമ്പുഴയിലെ ഒന്‍പത് ആദിവാസി കുടുംബങ്ങൾ. കടലാസിൽ 50 സെന്റ് ഭൂമിയുടെ ഉടമസ്ഥരാണെങ്കിലും പുറന്പോക്കിൽ കഴിഞ്ഞുകൂടാനാണ് ഇവരുടെ വിധി. കൊല്ലം 15 കഴിഞ്ഞിട്ടും ഭൂമി പതിച്ചുനൽകാതെ സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞൊഴിയുകയാണ് ഉദ്യോഗസ്ഥർ. 
 
മലമ്പുഴ ആനക്കല്ലിലും എലാക്കിലുമുളള ആദിവാസി കുടുംബങ്ങൾക്ക് 2004ൽ സർക്കാർ പന്നിമടയിൽ അനുവദിച്ച ഭൂമിയാണിത്. ഓരോ കുടുംബത്തിനും 50 സെന്റ് വീതം ഭൂമി. എന്നാൽ നാളിതുവരെ ഒരു കുടുംബത്തിന് പോലും ഇവിടെ കാലെടുത്തുവയ്ക്കാൻ കഴിഞ്ഞിട്ടില്ല. മലമ്പുഴ അണക്കെട്ടിനോട് ചേർന്നുളള പുറമ്പോക്കിലാണ് ഇപ്പോഴും ഇവർ കഴിച്ചുകൂട്ടുന്നത്. മഴ കനത്താലോ, ഡാമിലെ ജലനിരപ്പുയർന്നാലോ ദുരിത ജീവിതമാണ് ഫലം. 
 
കടലാസിൽ ഭൂമിയുണ്ടെങ്കിലും അതെവിടെയന്നുപോലും അറിയാത്ത ഒന്‍പത് കുടുംബങ്ങളുണ്ട് ഈ പ്രദേശത്ത് മാത്രം. പരാതിപറഞ്ഞ് മടുത്ത അവര്‍ ഇനി എന്ത് വേണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്.  ട്രൈബൽ - റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അലംഭാവം കാരണമാണ് ഒന്നുംനടക്കാത്തതെന്നാണിവരുടെ ആരോപണം. വകുപ്പുമന്ത്രിക്ക് പരാതിനൽകിയിട്ടും ഫലമുണ്ടായില്ലെന്ന് വേദനയോടെ ഇവര്‍ പറയുന്നു.

എന്നാല്‍ ഭൂമി അളന്നു നൽകുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് അനന്തമായി നീണ്ടുപോകുന്നതെന്ന് ട്രൈബൽ ഡവലപ്മെന്റ് ഓഫീസറുടെ വിശദീകരണം. സംസ്ഥാനത്തെ മുഴുവൻ ഭൂരഹിതർക്കും വീടുവയ്ക്കാൻ സ്ഥലംനൽകുന്ന സമഗ്രപദ്ധതി അടുത്തമാസത്തോടെ നടപ്പാവും. എന്നാൽ സ്വന്തം ജില്ലക്കാരനായ വകുപ്പുമന്ത്രി ഉണ്ടായിട്ടുകൂടി, ഇനിയെത്രകാലം ഒരുതുണ്ട് ഭൂമിക്കായി കാത്തിരിക്കണമെന്നാണ് ആനക്കല്ല് നിവാസികളുടെ ചോദ്യം.

click me!