ശമ്പള പരിഷ്കരണത്തിലെ അപാകതകൾ; നിസഹകരണ സമരം പ്രഖ്യപിച്ച് ഡോക്ടര്‍മാര്‍, ഇ സഞ്ജീവിനിയിൽ നിന്നും വിട്ടുനില്‍ക്കും

By Web TeamFirst Published Sep 30, 2021, 10:01 AM IST
Highlights

കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംസ്ഥാന സമിതി അംഗങ്ങൾ മാത്രമായിരിക്കും ഉപവാസത്തിൽ പങ്കെടുക്കുന്നത്. തുടർന്ന് രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തിൽ സംസ്ഥാന വ്യാപക നിസ്സഹകരണ പ്രതിഷേധം ആരംഭിക്കുന്നു.

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാർ (Government doctors) ശനിയാഴ്ച മുതൽ നിസഹകരണ സമരം തുടങ്ങുന്നു. ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഒക്ടോബർ 2 ന് സെക്രട്ടേറിയറ്റ് പടിക്കൽ കെജിഎംഒഎ ഉപവാസ സമരവും നടത്തും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംസ്ഥാന സമിതി അംഗങ്ങൾ മാത്രമായിരിക്കും ഉപവാസത്തിൽ പങ്കെടുക്കുന്നത്. തുടർന്ന് രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തിൽ സംസ്ഥാന വ്യാപക നിസ്സഹകരണ പ്രതിഷേധം ആരംഭിക്കുന്നു.

ഓൺലൈൻ ഉൾപ്പെടെ എല്ലാവിധ മീറ്റിംഗുകളും, ട്രെയിനിംഗുകളും ബഹിഷ്കരിക്കുകയും ഇ സഞ്ജീവിനിയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യും. ഒക്ടോബർ മൂന്നിന് നടക്കുന്ന കെ ജി എം ഒ എ സംസ്ഥാന സമിതി  തുടർ പ്രതിഷേധങ്ങൾ തീരുമാനിക്കും. ശമ്പള പരിഷ്കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭിക്കേണ്ട ശമ്പളം പോലും വെട്ടിക്കുറച്ചെന്നാണ് പ്രധാന ആക്ഷേപം. എൻട്രി കേഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചു, പേഴ്സണൽ പേ നിർത്തലാക്കി, റേഷ്യോ പ്രമോഷൻ റദ്ദാക്കി, കരിയർ അഡ്വാൻസ്മെൻ്റ് സ്കിം ഉത്തരവായിട്ടില്ല, റിസ്ക് അലവൻസ് ഇല്ല ഇങ്ങനെ നിരവധി പോരായ്മകളാണ് ശമ്പള പരിഷ്കരണത്തിൽ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.

click me!