കൊവിഡ് മരണം: നഷ്ടപരിഹാരം 50,000 രൂപ; സംസ്ഥാന മാർഗനിർദേശം തയാറായി, ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

By Web TeamFirst Published Sep 30, 2021, 9:29 AM IST
Highlights

ജില്ലാതല സമിതികൾ മരണം പരിശോധിച്ച് തീരുമാനം എടുക്കണമെന്നാണ് നിർദ്ദേശം. കളക്ടർക്കാണ് ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടത്. ഒക്ടോബർ 10 മുതൽ അപേക്ഷ സ്വീകരിച്ച് തുടങ്ങും.

തിരുവനന്തപുരം:

കൊവിഡ് മരണങ്ങളിൽ ( covid death) നഷ്ടപരിഹാരം നൽകാനുള്ള സംസ്ഥാന മാർഗനിർദേശം തയാറായി. കേന്ദ്ര മാർഗ്ഗനിർദേശം അനുസരിച്ച് 30 ദിവസത്തിനുള്ളിൽ നടന്ന മരണങ്ങൾ പൂർണമായും ഉൾപ്പെടുത്താൻ നിർദേശിച്ചാണ് മാർഗരേഖ (guidlines). ഇതോടെ പഴയ മരണങ്ങൾ അടക്കം ഉൾപ്പെടുത്തി വലിയ പട്ടികയാണ് പുതുതായി ഇറങ്ങുക. മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് അടുത്ത മാസം പത്ത് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. ജില്ലാ കളക്ടർമാർക്കാണ് അപേക്ഷ നൽകേണ്ടത്.

വലിയ ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് കൊവിഡ് നഷ്ടപരിഹാരത്തെ സംബന്ധിച്ച മാര്‍ഗ രേഖ തയ്യാറായത്. സുപ്രീംകോടതി ഇടപെടലിനെത്തുടര്‍ന്നാണ് കേന്ദ്ര സർക്കാർ അരലക്ഷം രൂപ ആശ്വാസ ധനം നൽകാമെന്ന് പറഞ്ഞത്. നഷ്ടപരിഹാരം സംബന്ധിച്ചുള്ള അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനം എടുക്കണം എന്നാണ് മാർഗരേഖയിൽ പറയുന്നത്. ജില്ലാതല സമിതികൾ മരണം പരിശോധിച്ച് തീരുമാനം എടുക്കണമെന്നാണ് നിർദ്ദേശം. കളക്ടർക്കാണ് ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടത്.

എങ്ങനെയാണ് കൊവിഡ് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കേണ്ടത്?

  • കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ഉറ്റബന്ധു മരണ രജിസ്ട്രേഷൻ രേഖകള്‍ സഹിതമാണ് അപക്ഷേിക്കേണ്ടത്.
  • ഒക്ടോബര്‍ പത്ത് മുതല്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കാം..പരമാവധി ഓണ്‍ലൈനായി ആപേക്ഷ സമര്‍പ്പിക്കണം.
  • ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.
  • ഓണ്‍ലൈനായി അപേക്ഷ നല്‍കാത്തവര്‍ക്ക് പ്രത്യേക സംവിധാനം ഉണ്ടാകും.
  • കൊവിഡ് ബാധിച്ച് 30 ദിവസത്തിനകമുള്ള മരണങ്ങളെല്ലാം കൊവിഡ് മരണങ്ങളായി കണക്കാക്കും.
  • കളക്ടര്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയായിരിക്കും അപേക്ഷ സംബന്ധിച്ച തീരുമാനം എടുക്കുക. ഡിഎംഒ , എഡിഎം ഡോക്ടര്‍മാര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.
  • നല്‍കുന്ന അപേക്ഷയില്‍ ഒരു മാസത്തിനകം തീരുമാനം എടുത്തിരിക്കണം.
  • പരാതികള്‍ ഉള്ള മരണ സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തി വാങ്ങാനും അവസരം ഉണ്ടാകും.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 24965 മരണങ്ങളാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കൂടാതെ പല വിധ കാരണങ്ങളാല്‍ ചേര്‍ക്കാൻ വിട്ട് പോയതും ഒഴിവാക്കിയതുമായ 8500 മരണങ്ങളും ഉള്‍പ്പെടുത്തും. അതായത് ഇനിയും മരണ സംഖ്യ കൂടും. നഷ്ടപരിഹാരം നൽകാൻ  170 കോടി രൂപയോളം രൂപ വേണം എന്നാണ് കരുതുന്നത്. സംസ്ഥാന കേന്ദ്രത്തിന്‍റെ സഹായം കൂടി ചോദിച്ചുണ്ടെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല.

 

click me!