
പാലക്കാട്: ഓണത്തിന് മുൻപ് നെല്ലിന്‍റെ പണം നൽകുമെന്ന സർക്കാർ ഉറപ്പ് പാഴായി. പാലക്കാട് ജില്ലയിൽ ഇനിയും തുക കിട്ടാതെ പതിനായിരത്തോളം കർഷകർ ദുരിതത്തിലാണ്. ഇവരിൽ പലരും 70 പിന്നിട്ടവരാണ്. അടുത്ത കൊയ്ത്തിന് സമയമായിട്ടും 8 മാസം മുൻപ് കൊടുത്ത നെല്ലിന്‍റെ പണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണിവർ. നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചിരുന്നു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് തന്നെയാണ് ഈ വിവരം അറിയിച്ചിരുന്നതും. രണ്ടാംവിള നെല്ലെടുപ്പില്‍ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതില്‍ സംസ്ഥാനം സപ്ലൈകോയ്ക്ക് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണിപ്പോള്‍ നെല്ലുവില നല്‍കുന്നത്. ഇതോടൊപ്പം കേന്ദ്രവിഹിതവും ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്കും നെല്ലുവില മുഴുവനും കൊടുത്തുതീര്‍ക്കാനാകും എന്നായിരുന്നു വാദം. എന്നാല്‍ നിലവില്‍ തുക കിട്ടാതെ വലഞ്ഞിരിക്കുകയാണ് കർഷകർ.
മന്ത്രിയെന്ന നിലയില്‍, ഡല്‍ഹിയില്‍ കേന്ദ്രഭക്ഷ്യമന്ത്രിയെ സന്ദര്‍ശിച്ചു നിവേദനം നല്‍കുകയും നിരന്തരം കത്തുകള്‍ അയക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായാണു കേന്ദ്രം തുക അനുവദിച്ചിരിക്കുന്നത് എന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പറഞ്ഞിരുന്നു. ഒട്ടും വൈകാതെ നെല്ലു വില പൂര്‍ണമായും കൊടുത്തു തീര്‍ക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നൽകിയതാണ്. ഈ ഉറപ്പു പാലിക്കാന്‍ അവധി ദിവസങ്ങളിലടക്കം കര്‍ഷകരുടെ അക്കൗണ്ടിലേക്കു വില ലഭ്യമാക്കുകയാണെന്നുൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് പാലിക്കപ്പെടാതെ പോയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam