സർക്കാർ ഭൂമി കയ്യേറി കാരവൻ പാർക്ക് നിർമാണം; സ്റ്റോപ്പ് മെമ്മോ നൽകിയത് 2 തവണ, നിർമാണം തുടർന്ന് സ്വകാര്യവ്യക്തി

Published : Jun 11, 2024, 08:53 AM ISTUpdated : Jun 11, 2024, 12:08 PM IST
സർക്കാർ ഭൂമി കയ്യേറി കാരവൻ പാർക്ക് നിർമാണം; സ്റ്റോപ്പ് മെമ്മോ നൽകിയത് 2 തവണ, നിർമാണം തുടർന്ന് സ്വകാര്യവ്യക്തി

Synopsis

ഉടുമ്പൻചോലക്കടുത്ത് മാൻകുത്തി മേട്ടിൽ 2022 ലാണ് സർക്കാരിൻ്റെ കാരവൻ ടൂറിസം പദ്ധതി പ്രകാരം കാരവൻ പാർക്ക് സ്ഥാപിക്കാൻ കറുകച്ചാൽ സ്വദേശി മൂന്നേക്കർ കൃഷി ഭൂമി വാങ്ങിയത്. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയതാണ് സ്ഥലം. 

ഇടുക്കി: ഇടുക്കിയിൽ സർക്കാർ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി കാരവൻ പാർക്ക് നിർമ്മിക്കുന്നതായി കണ്ടെത്തൽ. കേരള -തമിഴ്നാട് അതിർത്തിയിൽ ഉടുമ്പൻചോലക്ക് സമീപമുള്ള മാൻകുത്തി മേട്ടിലാണ് സംഭവം. സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ഒരുമാസം മുമ്പ് സർക്കാർ ഉത്തരവിട്ടിട്ടും നടപടിയൊന്നുമായില്ല. ഉടുമ്പൻചോലക്കടുത്ത് മാൻകുത്തി മേട്ടിൽ 2022 ലാണ് സർക്കാരിൻ്റെ കാരവൻ ടൂറിസം പദ്ധതി പ്രകാരം കാരവൻ പാർക്ക് സ്ഥാപിക്കാൻ കറുകച്ചാൽ സ്വദേശി മൂന്നേക്കർ കൃഷി ഭൂമി വാങ്ങിയത്. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയതാണ് സ്ഥലം.

ഇവിടെ വാണിജ്യാവശ്യങ്ങൾക്കുള്ള നിർമ്മാണങ്ങൾ നടത്താൻ പാടില്ലാത്തതിനാൽ കഴിഞ്ഞ ഓഗസ്റ്റിൽ ചതുരംഗപ്പാറ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി. ഉടമ ഹൈക്കോടതിയെ സമീപിച്ചതോടെ തൽസ്ഥിതി തുടരാനും പരിശോധിച്ച് നടപടിയെടുക്കാനും റവന്യൂ വകുപ്പിനോട് നിർദ്ദേശിച്ചു. ഇതവഗണിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നതോടെ ഡിസംബറിൽ രണ്ടാമതും സ്റ്റോപ്പ് മെമ്മോ നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാൽപ്പത് സെൻറ് സർക്കാർ ഭൂമിയും കയ്യേറിയാണ് നിർമ്മാണമെന്ന് കണ്ടെത്തിയത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും രണ്ടു ടെൻറുകളും കെഎസ്ആർടിസി ബസിൻ്റെ ബോഡിയും സർക്കാർ ഭൂമിയിലാണെന്നും കണ്ടെത്തി. ചട്ടം ലംഘിച്ചുള്ള നിർമ്മാണങ്ങൾ നീക്കാനും കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാനും കഴിഞ്ഞ മാസം കഴിഞ്ഞ മാസം മൂന്നിന് സർക്കാർ ഉത്തരവിട്ടു.

സ്വകാര്യ വ്യക്തിയുടെ കയ്യിലുള്ള സ്ഥലത്തിൻ്റെ സർവേ നമ്പരിലും വ്യത്യാസമുണ്ടെന്ന് റവന്യൂ വകുപ്പിൻ്റെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കയ്യേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി ആഴ്ചകൾ കഴിഞ്ഞിട്ടും നടപടിയൊന്നുമായില്ല. റവന്യൂ വകുപ്പ് നടത്തിയ സർവേയിൽ തെറ്റുണ്ടെന്നും വീണ്ടും സ്ഥലമളക്കണമെന്നും കാണിച്ച് ഉടമ ഉടുമ്പൻചോല തഹസിൽദാർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ജില്ല കളക്ടർ ഇത് സർവേ ഡെപ്യൂട്ടി ഡയർറക്ടർക്ക് കൈമാറി. അടുത്ത ദിവസം തന്നെ കയ്യേറ്റമൊഴിപ്പിക്കാനുള്ള നടപടികൾ സ്വകരിക്കാനാണ് റവന്യൂ വകുപ്പിൻ്റെ തീരുമാനം. സമീപത്തെ 80 ഏക്കർ സർക്കാർ ഭൂമിയിലെ കയ്യേറ്റം മുൻപ് ഒഴിപ്പിച്ചിരുന്നു.

'മത്തി 'ചെറിയ മിനല്ല ,വില കിലോക്ക് 300 കടന്നു,ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മത്സ്യവില കുതിക്കുന്നു

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'