
തിരുവനന്തപുരം: എൽപിഎസ്ടി(ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) ഉദ്യോഗാർഥികളുടെ സമരം തീർക്കാൻ സർക്കാർ. ഉദ്യോഗാർഥികളുടെ ആവശ്യങ്ങളും ഒത്തുതീർപ്പ് വ്യവസ്ഥകളും ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ ചർച്ചചെയ്യും. മന്ത്രിസഭാ യോഗത്തിന് ശേഷം സമരക്കാരുമായി ചർച്ച നടത്തും.
ഉദ്യോഗാർഥികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഉദ്യോഗാർഥികളുടെ ചില ആവശ്യങ്ങളിലാണ് സർക്കാരിന് മുന്നിൽ തടസ്സങ്ങളുണ്ടായിരുന്നത്. ഇതിൽ അധ്യാപക വിദ്യാർഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യമാണ് പ്രധാന പ്രശ്നം. ഇതിൽ പരിഹാരം കണ്ടെത്താനായി പലതരത്തിലുള്ള പാക്കേജുകൾ സർക്കാർ പരിഗണിക്കുന്നുണ്ട്. അധ്യാപക-വിദ്യാർഥി അനുപാതം 1:30ൽനിന്ന് കുറയ്ക്കുന്നത് സർക്കാർ സ്കൂളുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ കഴിയുമോ എന്നതാണ് സർക്കാർ പ്രധാനമായും ആലോചിക്കുന്നത്. ഇത്തരത്തിൽ ഇളവ് നൽകിയാലുണ്ടാകുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച് ധനവകുപ്പിൽനിന്നും അഭിപ്രായം തേടും.
2017-ൽ ഹൈസ്കൂൾ അധ്യാപകരുടെ അനുപാതം ഒരുവർഷത്തേക്ക് 1:45ൽനിന്ന് 1:40 ലേക്ക് മാറ്റിയിരുന്നു. ഇത്തരം ഇളവുകൾ എൽപിഎസ്ടിയിലും നൽകാനാണ് ആലോചന. ഈ ഇളവുകൾ നൽകിയാൽ സമരം തീരാനാണ് സാധ്യത.
ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് മന്ത്രിസഭാ യോഗം. യോഗത്തിൽ പുതിയ നിർദേശങ്ങളും ഒത്തുതീർപ്പ് വ്യവസ്ഥകളും ചർച്ചയാകും. മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി ഉദ്യോഗാർഥികളുമായി ചർച്ച നടത്താനാണ് സാധ്യത.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവരുന്ന സമരം നിലവിൽ 133 ദിവസം പിന്നിട്ടിരിക്കുകയാണ്. സമരസമിതി സെക്രട്ടറി എസ്. വളർമതിയുടെ നിരാഹാര സമരം 22 ദിവസമായും തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വളർമതിയുടെ ആരോഗ്യനില മോശമായിരുന്നു. തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വളർമതി നിരാഹാര സമരം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സമരം തീർക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് തിരക്കിട്ട നീക്കങ്ങളുണ്ടാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam