വിദ്യാർഥികൾക്കുള്ള വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതിയിൽ വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ നിയമനടപടിക്ക് സർക്കാർ

By Web TeamFirst Published Jul 25, 2021, 3:10 PM IST
Highlights

വിദ്യാർത്ഥികൾക്ക് പുതിയ വായ്പാ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു. ലാപ്ടോപ്പ് വാങ്ങിയ ബിൽ ഹാജരാക്കിയാൽ 20,000 രൂപ വരെ വായ്പ അനുവദിക്കും

തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതിയിൽ വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ നിയമനടപടിക്ക് സർക്കാർ ഒരുങ്ങുന്നു. നടപടി എടുക്കാൻ കെ എസ് എഫ് ഇ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി. വിദ്യാർത്ഥികൾക്ക് പുതിയ വായ്പാ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു. ലാപ്ടോപ്പ് വാങ്ങിയ ബിൽ ഹാജരാക്കിയാൽ 20,000 രൂപ വരെ വായ്പ അനുവദിക്കും. 

ചിട്ടി പദ്ധതി ലക്ഷ്യം കാണാത്ത സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് വാങ്ങുന്നവർക്കുള്ള വായ്പ അനുവദിക്കുന്നത്.വിദ്യാർത്ഥികൾ  ലാപ്ടോപ്പുകൾ, ടാബ്‌ലറ്റുകളുടെ ബിൽ, ഇൻവോയ്‌സ് എന്നിവയിലേതെങ്കിലും ഹാജരാക്കിയാൽ ഇരുപതിനായിരം രൂപ വരെ വായ്പ 
കെ എസ് എഫ് ഇ യിൽ നിന്ന് അനുവദിക്കും. പ്രതിമാസം അഞ്ഞൂറ് രൂപ വീതം നാൽപത് തവണകളായി വായ്പ തിരിച്ചടയ്ക്കണം. കുടുംബശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് ഈ വായ്പ ലഭ്യമാകുക. നിലവിൽ ഓർഡർ നൽകിയിട്ടുള്ള എച്ച് പി, ലെനോവോ കമ്പനികളുടെ ലാപ്ടോപ്പുകൾ തന്നെ മതി എന്നുള്ളവർക്ക് കമ്പനികൾ ലഭ്യമാക്കുന്ന മുറയ്ക്ക് അവ ലഭിക്കാനുള്ള സൗകര്യവുമുണ്ടാകും.

കൊവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസത്തെ സഹായിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ
നൽകുക എന്ന ലക്ഷ്യത്തോടെയാണ്  കെ എസ് എഫ് ഇ വിദ്യാശ്രീ പദ്ധതി ആവിഷ്കരിച്ചത്. കുടുംബശ്രീയുടെ വിദ്യാശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസം അഞ്ഞൂറ് രൂപ തിരിച്ചടവിൽ പതിനയ്യായിരം രൂപയുടെ  ലാപ്ടോപ്പുകൾ അനുവദിക്കുന്ന നിലയിലാണ് പദ്ധതി ആവിഷ്കരിച്ചത്. മുപ്പത് തവണകൾ ആയിട്ടായിരുന്നു വായ്പ തിരിച്ചടയ്ക്കേണ്ടത്. എന്നാൽ  ലാപ്ടോപ്പുകൾ നൽകാമെന്നേറ്റിരുന്ന കമ്പനികൾ സമയബന്ധിതമായി ഓർഡറുകൾ ലഭ്യമാക്കുന്നതിൽ വീഴ്ച.  ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അസംസ്കൃത സാമഗ്രികൾ ലഭ്യമാകാത്തതു കൊണ്ടാണ് ലാപ്ടോപ്പുകൾ വൈകുന്നത് എന്നാണ് കമ്പനികൾ വിശദീകരണം നൽകിയത്. ഇതേത്തുടർന്നാണ് പുതിയ തീരുമാനം. 

രജിസ്റ്റർ ചെയ്തു പണമടച്ചവർക്കും ലാപ്ടോപ് കിട്ടാതെ പദ്ധതി പാളിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു 
 

click me!