
തിരുവനന്തപുരം: സ്വന്തമായി ഒരു ബിസിനസുണ്ട്, ഉത്പന്നത്തിന് മികച്ച ഗുണനിലവാരവുമുണ്ട്... പക്ഷേ, 'കേരളാ ബ്രാൻഡ്' എന്ന ഔദ്യോഗിക മുദ്ര സ്വന്തമാക്കാൻ വെച്ച കടമ്പകൾ കടക്കാനാവാതെ വിഷമിച്ചിരുന്ന സംരംഭകർക്ക് ഇനി ആശ്വസിക്കാം! നാടിന്‍റെ സ്വന്തം ഉത്പന്നങ്ങൾക്ക് ആഗോള വിപണിയിൽ തിളങ്ങാൻ വഴി തുറക്കുന്ന 'കേരളാ ബ്രാൻഡ്' പദ്ധതിയുടെ ഉപാധികൾ സംസ്ഥാന സർക്കാർ കൂടുതൽ ലളിതമാക്കി. നേരത്തെ പ്രാബല്യത്തിലുണ്ടായിരുന്ന ബിഐഎസ് സർട്ടിഫിക്കേഷൻ അടക്കമുള്ള കർശന നിബന്ധനകൾ ചെറുകിട-ഇടത്തരം സംരംഭകർക്ക് വലിയ തിരിച്ചടിയായിരുന്നു.
ഇതിനാൽ അർഹരായ പലർക്കും ബ്രാൻഡിംഗിലേക്ക് എത്താൻ കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് സ്റ്റേറ്റ് ലെവൽ കമ്മിറ്റിയുടെ നിർദേശപ്രകാരം നിബന്ധനകൾ പരിഷ്കരിച്ച് വ്യവസായ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. വെളിച്ചെണ്ണ, തേയില, കാപ്പി, നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, ചെരുപ്പ്, പി.വി.സി പൈപ്പ്, സർജിക്കൽ റബ്ബർ ഗ്ലൗസ്, കാലിത്തീറ്റ എന്നീ 11 ആദ്യ ഘട്ട ഉത്പന്നങ്ങൾക്കാണ് നിബന്ധനകളിൽ പ്രധാന ഇളവുകൾ അനുവദിച്ചിട്ടുള്ളത്.
കേരളത്തിലും പുറത്തുമായി ഉത്പാദന യൂണിറ്റുകളുള്ള കമ്പനികൾക്കും ഇനി 'കേരളാ ബ്രാൻഡ്' ലഭിക്കും. എന്നാൽ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, കേരളത്തിലെ പ്ലാന്‍റിൽ നിർമിക്കുന്ന ഉത്പന്നങ്ങളിലെ പാക്കറ്റുകളിൽ മാത്രമേ ലോഗോ പതിപ്പിക്കാൻ അനുമതി ഉണ്ടാകൂ. ഒരു സ്ഥാപനത്തിന് ഒന്നിലധികം പ്ലാന്റുകളുണ്ടെങ്കിൽ, ഉദ്യം രജിസ്‌ട്രേഷൻ അടിസ്ഥാനമാക്കി ഓരോ യൂണിറ്റിനും വെവ്വേറെ അപേക്ഷ സമർപ്പിക്കാം. ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസറുടെ പരിശോധനയ്ക്ക് ശേഷം താലൂക്ക് ലെവൽ കമ്മിറ്റിയാണ് അന്തിമ അനുമതി നൽകുന്നത്.
അനുമതി ലഭിക്കുന്ന ഉത്പന്നങ്ങൾക്ക് രണ്ടു വർഷത്തേക്ക് ബ്രാൻഡ് മുദ്രണം ഉപയോഗിക്കാം. കാലാവധി പൂർത്തിയാകുന്നതിന് ഒരു മാസം മുൻപ് വീണ്ടും പുതുക്കലിനായി അപേക്ഷിക്കാം. സ്ഥാപനങ്ങളിൽ ബാലവേല പൂർണ്ണമായും നിരോധിച്ചിരിക്കണം. അതിനൊപ്പം, തേയില, കാപ്പി യൂണിറ്റുകളിൽ കുറഞ്ഞത് 25 ശതമാനവും, മറ്റു ഉത്പാദന യൂണിറ്റുകളിൽ 10 ശതമാനവും സ്ത്രീ, ട്രാൻസ്ജെൻഡർ, ഭിന്നശേഷി വിഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഓർഡറിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam