
തിരുവനന്തപുരം: ഓണാഘോഷത്തിന്‍റെ ഭാഗമായി പ്രാദേശിക കലാകാരന്മാർക്ക് അവസരം നൽകിയിട്ടില്ല എന്ന തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചരണമാണ് ചില കോണുകളിൽ നിന്ന് ഉയരുന്നതെന്ന് സർക്കാർ. ഇത് യാഥാർത്ഥ്യത്തിന് വിരുദ്ധമായ പ്രചരണമാണ്. ഓണാഘോഷത്തിന്‍റെ ഭാഗമായി കോഴിക്കോടിന്‍റെ കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികൾ വിവിധ വേദികളിലായി അരങ്ങേറുന്നുണ്ട്.
നാല് നാടകം, നാടൻ കലകൾ, നാടൻപാട്ട്, ഹാസ്യ പരിപാടികൾ, മാപ്പിളപ്പാട്ട്, ശിങ്കാരിമേളം, തിരുവാതിരക്കളി, വിവിധ ക്ലാസിക്കൽ പരിപാടികൾ മുതലായവ കോഴിക്കോട്ടെ കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികളാണ്. സ്ഥിരമായി ഓണാഘോഷത്തിന് കലാപരിപാടികൾ അവതരിപ്പിക്കുന്നവർക്ക് പരിപാടി നൽകുന്നതിന് പകരം ഇതുവരെ പരിഗണിക്കപ്പെടാത്ത ആളുകളെകൂടി പരിഗണിക്കണം എന്നുള്ള നിലപാടാണ് പ്രോഗ്രാം കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് എടുത്തത്. ഇതിനുപുറമേ സാഹിത്യ നഗര പദവി ലഭിച്ചിട്ടുള്ള കോഴിക്കോടിനെ മാറ്റുകൂട്ടുന്ന തരത്തിലുള്ള ബുക്ക് ഫെസ്റ്റിവൽ ഓണാഘോഷത്തിന്‍റെ ഭാഗമാകും.
പലതവണ കൂടിയാലോചനകൾക്ക് ശേഷമാണ് പരിപാടികൾ എല്ലാം തന്നെ തീരുമാനിച്ചിട്ടുള്ളത്. ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത രീതിയിൽ ആണ് ഓണാഘോഷത്തിന് സംസ്ഥാന സർക്കാർ ഇത്രയും വലിയ തുക മാറ്റി വെച്ചിട്ടുള്ളത്. പ്രസ്തുത യാഥാർത്ഥ്യം മനസിലാക്കാതെ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചരണം ചില കോണുകളിൽ നിന്നുണ്ടാവുന്നത് നിർഭാഗ്യകരമാണ്. ആഘോഷത്തിന്‍റെയും സന്തോഷത്തിന്‍റെയും ഉത്സവാന്തരീക്ഷത്തെ നിറം കെടുത്തുന്ന പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.