ഓണ്‍ലൈന്‍ റമ്മി: നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്ന് താരങ്ങള്‍ പിൻമാറണമെന്ന് ഗണേഷ് കുമാര്‍

By Web TeamFirst Published Jul 19, 2022, 12:01 PM IST
Highlights

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, ക്രിക്കറ്റ് താരം വിരാട് കോലി, യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ്, ഗായിക റിമി ടോമി, ലാല്‍ തുടങ്ങി ആളുകളെ ഇത്തരം പരസ്യങ്ങളില്‍ സ്ഥിരമായി കാണാം- ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എഎ. രാജ്യ ദ്രോഹ പരസ്യത്തില്‍ അഭിനയിക്കുന്ന കലാകാരന്‍മാരോട് അതില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കണമെന്ന് ഗണേഷ് കുമാര്‍  നിയമസഭയില്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവനോടാണ് ഗണേഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.  

'ഓണ്‍ലൈന്‍ റമ്മി പോലുള്ള സാമൂഹ്യ വിരുദ്ധ പരസ്യങ്ങളില്‍ ആദരണീയരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്നു. ഷാരൂഖ് ഖാന്‍, വിരാട് കോലി, യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ്, ഗായിക റിമി ടോമി,ലാല്‍ തുടങ്ങി ആളുകളെ ഇത്തരം പരസ്യങ്ങളില്‍ സ്ഥിരമായി കാണാം. ഇത്തരം നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളില്‍  നിന്നും ഈ മാന്യന്മാര്‍ പിന്‍മാറാന്‍ സംസ്‌കാരിക മന്ത്രി സഭയുടെ പേരില്‍ അഭ്യര്‍ത്ഥിക്കണം. സാംസ്‌കാരികമായി വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണിവര്‍- ഗണേഷ് കുമാര്‍ തുറന്നടിച്ചു. 

'റമ്മി കളിയില്‍ അടിമപ്പെട്ട് ജീവനൊടുക്കുന്നത് കേരളത്തില്‍ ഒറ്റപ്പെട്ട സംഭവം അല്ല. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ആത്മഹത്യ നടക്കുന്നുണ്ട്. ലജ്ജ തോന്നുന്ന കാര്യം കലാകാരന്മാര്‍ ഇതിന്‍റെ പരസ്യത്തില്‍ അഭിനയിക്കുന്നു എന്നതാണ്. ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ വലിയ താരമാണ്, പൈസ ഇല്ലാത്ത താരമല്ല. വിരാട് കോലി നല്ലൊരു കായിക താരമാണ്. എല്ലാവര്‍ക്കും ബഹുമാനവും ഇഷ്ടവുമുണ്ട്. അഞ്ച് പൈസ ഇല്ലാത്ത പിച്ചക്കാരനല്ല. കൈയ്യില്‍ പൈസ ഇല്ലാഞ്ഞിട്ടുമല്ല. ഇത്തരം നാണം കെട്ട പരിപാടിയില്‍ നിന്ന് എല്ലാവരും പിന്മാറണം'- ഗണേഷ് കുമാര്‍ പറഞ്ഞു.

എന്നാല്‍ അവരുടെ എല്ലാം മനസ്സുകളിലാണ് ആദ്യം സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. നിയമംമൂലം നിരോധിക്കാവുന്നതല്ല ഇതെന്നും താരങ്ങളോടും സാംസ്കാരിക നായകരോടും ഒരു  അഭ്യര്‍ത്ഥന വേണമെങ്കില്‍ നമുക്കെല്ലാവര്‍ക്കും നടത്താമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അടുത്തിടെ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍പ്പെട്ട് കേരളത്തിലടക്കം നിരവധി പേര്‍ ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് ഗണേഷ് കുമാര്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. 

Read More :  ഓണ്‍ലൈന്‍ റമ്മി മുതല്‍ വെര്‍ച്വല്‍ കെണികള്‍ വരെ, നമ്മളെ അടക്കാന്‍ നാം തന്നെ കുഴിക്കുന്ന കുഴികള്‍!

ഓൺലൈൻ റമ്മിക്ക് നിയന്ത്രണം വേണമെന്നാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പണം കളിച്ച് കളയുന്ന ഒരുപാട് പേർ അപകടത്തിൽപെടുന്നുണ്ട്. അടിമ ആവുകയാണ് പലരും. ആളുകളിൽ ബോധവൽകരണം പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി. ഓൺലൈൻ റമ്മിയെ പണം വെച്ചുള്ള ചൂതാട്ടത്തിന്‍റെ പരിധിയിൽ നേരത്തെ സംസ്ഥാന സർക്കാർ കൊണ്ടുവന്നിരുന്നു. എന്നാൽ ഈ സർക്കാർ ഉത്തരവ് നിലനിൽക്കില്ലെന്നാണ് ഹൈക്കോടതി പിന്നീട് വിധിച്ചത്. രാജ്യത്ത് ഒരേ പോലെ വ്യാപാരം നടത്താനുള്ള കമ്പനികളുടെ അവകാശത്തെ നിഷേധിക്കുന്നത് ഭരണഘടന നൽകുന്ന തുല്യത ലംഘിക്കുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Read More : കേരളം 'ഓണ്‍ലൈന്‍ ചൂതാട്ടത്തിന്‍റെ' പിടിയില്‍; ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു

click me!