
കൊച്ചി: സഭാ തർക്കം നിലനിന്ന പിറവം ചെറിയ പള്ളിയിൽ പ്രതിഷേധിച്ചിരുന്ന യാക്കോബായക്കാരെ പള്ളിയിൽ നിന്ന് നീക്കം ചെയ്തതായി സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഇന്നലെ പള്ളി പൂട്ടിയ സർക്കാർ താക്കോൽ കോടതിയിൽ ഹാജരാക്കും. ഉച്ചക്ക് 1.45-നാണ് കേസ് പരിഗണിക്കുന്നത്. കോടതി നിർദ്ദേശമനുസരിച്ചാകും തുടർനടപടികൾ.
സുപ്രീംകോടതി ഉത്തരവ് പ്രകാരം പള്ളിയുടെ ഭരണം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് ഓർത്തഡോക്സ് വിഭാഗം പറയുന്നത്. ഇതിനിടെ തുടർനടപടികൾ ആലോചിക്കാൻ യാക്കോബായ സഭയുടെ മാനേജിംഗ് കമ്മിറ്റി യോഗം ഇന്ന് ഉച്ചക്ക് കോതമംഗലത്ത് ചേരും. സംഭവത്തിൽ പ്രതിഷേധിച്ച് യാക്കോബായ സഭ പിറവത്ത് രാവിലെ 6 മണി മുതൽ വൈകിട്ട് ആറ് മണി വരെ ഹർത്താൽ ആചരിക്കും.
അതിനിടെ ഓർത്തഡോക്‌സ് സഭയുടെ മൂവാറ്റുപുഴയിലുള്ള കണ്ടനാട് ഈസ്റ്റ് ഭദ്രാസന ആസ്ഥാനത്തേക്ക് യാക്കോബായ വിഭാഗം പ്രതിഷേധ പ്രകടനം നടത്തി. പിറവം പള്ളിയിൽ നിന്നും യാക്കോബായ വൈദികരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. പ്രതിഷേധക്കാരെ അരമനക്കു മുന്നിൽ പൊലീസ് തടഞ്ഞു.
തുടർന്ന് വിശ്വാസികൾ പ്രതിഷേധ യോഗം നടത്തി. റോഡരികിൽ സ്ഥാപിച്ചിരുന്ന അരമനയുടെ ബോർഡ് പ്രതിഷേധക്കാർ തകർത്തു. അരമനക്ക് മുന്നിലുള്ള കുരിശു പള്ളിക്കു മുകളിൽ ഉൾപ്പെടെ യാക്കോബായ വിഭാഗത്തിന്‍റെ കൊടികൾ സ്ഥാപിക്കുകയും ചെയ്തു. രണ്ടു മണിക്കൂറിനു ശേഷം കുരിശുപള്ളിക്കു മുന്നിൽ പ്രാർത്ഥനയും നടത്തിയാണ് യാക്കോബായ വിഭാഗം പിരിഞ്ഞു പോയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam