പോപ്പുല‍ർ ഫിനാൻസ് തട്ടിപ്പ്: പ്രതികളുടെ സ്വത്ത് വിറ്റ് നിക്ഷേപകർക്ക് പണം നൽകും, ഉത്തരവിറക്കി സർക്കാർ

By Web TeamFirst Published Sep 26, 2020, 11:43 AM IST
Highlights

അഭ്യന്തര സെക്രട്ടറിയായ സജ്ഞയ് എം കൗളിനെ ജപ്തിയും ലേലവും ചെയ്യാനുള്ള അതോറിറ്റിയായി സ‍ർക്കാർ നിയമിച്ചിട്ടുണ്ട്

തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ നിർണായക നീക്കങ്ങളുമായി സംസ്ഥാന സർക്കാർ. പ്രതികളുടെ ആസ്തി വിവരങ്ങൾ കണ്ടെത്താനും സ്വത്തുകൾ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നൽകാനും സർക്കാർ നീക്കമാരംഭിച്ചു. സാമ്പത്തിക തട്ടിപ്പുകൾ തടയാനായി കൊണ്ടു വന്ന കേന്ദ്രനിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. ഇതുമായി ബന്ധപ്പെട്ട് അഭ്യന്തര അ‍ഡീണൽ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. 

കേന്ദ്രനിയമത്തിൻ്റെ അടിസ്ഥാനത്തിൽ ഇതാദ്യമായാണ് സംസ്ഥാനത്ത് ഇങ്ങനെയൊരു നീക്കം. അഭ്യന്തര സെക്രട്ടറിയായ സജ്ഞയ് എം കൗളിനെ ഇതിനുള്ള അതോറിറ്റിയായി സ‍ർക്കാർ നിയമിച്ചിട്ടുണ്ട്. പ്രതികളുടേയും ഇവരുടെ ബിനാമികളുടേയും മുഴുവൻ ആസ്തികളും കണ്ടെത്തുക എന്നതാണ് അതോറിറ്റിയുടെ ആദ്യനടപടി. 

അടുത്ത ഘട്ടത്തിൽ മുഴുവൻ സ്വത്തുകളും സ‍ർക്കാർ കണ്ടുകെട്ടും. തുട‍ർന്ന് സ്വത്തുവകകൾ ലേലം ചെയ്തോ വിൽപന നടത്തിയോ പണം കണ്ടെത്തുകയും അതു നിക്ഷേപകർക്ക് നൽകുകയും ചെയ്യും. അഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിൻ്റെ റിപ്പോ‍ർട്ടിലാണ് ഈ സ‍ർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.  പ്രതികൾ വിൽപന നടത്തിയ സ്വത്തുകൾ കണ്ടുകെട്ടാനും വിൽക്കാനും അതോറിറ്റിക്ക് അധികാരമുണ്ടാവും. പോപ്പുല‍ർ ഫിനാൻസ് തട്ടിപ്പ് പരി​ഗണിക്കാനായി പ്രത്യേക കോടതിയും ഇതോടെ രൂപീകരിക്കപ്പെടും. 
 

click me!