'നിര്‍ബന്ധപൂര്‍വ്വം നിരീശ്വരവാദം വളര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു'; പ്രചാരണം ശക്തമാക്കാന്‍ സമസ്ത

By Web TeamFirst Published Aug 12, 2022, 7:49 PM IST
Highlights

കുട്ടികളില്‍ നിര്‍ബന്ധപൂര്‍വ്വം നിരീശ്വരവാദം വളര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന രീതിയാലാകും പ്രചാരണം. ഇതിനായി ഖതീബുമാര്‍ക്ക് പ്രത്യേക പഠന ക്ളാസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്..

കോഴിക്കോട്:  ലിംഗ സമത്വ യൂണിഫോം അടക്കമുളള വിഷയത്തില്‍ പള്ളികള്‍ പ്രചാരണം ശക്തമാക്കാന്‍ സമസ്തയുടെ തീരുമാനം. കുട്ടികളില്‍ നിര്‍ബന്ധപൂര്‍വ്വം നിരീശ്വരവാദം വളര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന രീതിയാലാകും പ്രചാരണം. ഇതിനായി ഖതീബുമാര്‍ക്ക് പ്രത്യേക പഠന ക്ളാസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്..

വിദ്യാലയങ്ങളിലെ ലിംഗ സമത്വ വിഷയത്തില്‍ സമുദായത്തെ ബോധവല്‍ക്കരിക്കാന്‍ മുസ്ലീം ലീഗ് കോഴിക്കോട്  വിളിച്ചു ചേര്‍ത്ത മുസ്ലീം സംഘടനകളുടെ യോഗം തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിനെ ആശങ്ക അറിയിക്കാനും തീരുമാനമെടുത്തിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ പ്രതികരണം വരും മുമ്പ് പള്ളികളിലൂടെ വിശ്വാസികളെ ബോധവത്കരിക്കാനുള്ള നടപടികളിലേക്ക് സമസ്ത കടക്കുകയാണ്. വെള്ളിയാഴ്ച ജുമു ആ നിസ്കാരത്തിനു ശേഷം നടക്കുന്ന  പ്രഭാഷണത്തില്‍ ലിംഗ സമത്വ യൂണിഫോം വിഷയം സംബന്ധിച്ച കാര്യങ്ങള്‍  വിശദീകരിക്കും.  പ്രഭാഷകര്‍ക്ക് വേണ്ടി ഈ മാസം 24ന് പഠനക്ലാസും സംഘടിപ്പിക്കുന്നുണ്ട്. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍  ഉദ്ഘാടനം ചെയ്യും.

പുതുതലമുറയെ സ്വതന്ത്ര ചിന്തയിലേക്ക് കൊണ്ടു പോകാന്‍ ബോധപൂര്‍വ്വ ശ്രമം നടത്തുന്നുണ്ടെന്നാണ് സമസ്തയുടെ ആക്ഷേപം.  ക്യാമ്പസുകളില്‍ എസ് എഫ് ഐ ഇതിനുള്ള ശ്രമം നേരത്തെ നടത്തിയിട്ടുണ്ടെന്നും സമസ്ത ആരോപിക്കുന്നു. മുസ്ലീം സംഘടനകള്‍ക്കു പുറമേ ഹിന്ദു,  ക്രിസ്ത്യന്‍ സംഘടനകളുമായും  ഈ വിഷയത്തില്‍ യോജിച്ച പോരാട്ടത്തിനായി ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ് സമസ്ത. സര്‍ക്കാരിനൊപ്പം  നില്‍ക്കുന്ന കാന്തപുരം വിഭാഗവും ഈ വിഷയത്തില്‍ ആശങ്കയറിച്ചിട്ടുണ്ട്. വിവിധ മുജാഹിദ് സംഘടനകളും സര്‍ക്കാര്‍ നിലപാടിനെതിരെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

Read Also: മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹത; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇത്തരക്കാർക്ക് മതരഹിതരെന്ന സർട്ടിഫിക്കറ്റ് നൽകണം. ഇതിനായി സംസ്ഥാന സർക്കാർ ഉടൻ നയങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കണമെന്നും കോടതി പറഞ്ഞു. 

മതരഹിതരെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നവരിൽ അർഹരായവർക്ക് 10% സാമ്പത്തിക സംവരണത്തിന് അർഹതയുണ്ട്. ഇത് ഭരണഘടനാപരമായ അവകാശമാണ്. ഒരു മതത്തിലും ജാതിയിലും ഉൾപ്പെട്ടിട്ടില്ല എന്നതിന്റെ പേരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ തടയരുത്. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന സർക്കാരിന് ഒരിക്കലും അത് നിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു. 

Read Also: ജലീലിനെതിരെ രാജ്യ ദ്രോഹക്കുറ്റത്തിന് കേസെടുക്കണം; നിയമസഭയിൽ തുടരുന്നത് നാടിന് അപമാനമെന്നും വി മുരളീധരന്‍

click me!