Asianet News MalayalamAsianet News Malayalam

ജലീലിനെതിരെ രാജ്യ ദ്രോഹക്കുറ്റത്തിന് കേസെടുക്കണം; നിയമസഭയിൽ തുടരുന്നത് നാടിന് അപമാനമെന്നും വി മുരളീധരന്‍

 കശ്മീരില്‍ വിഘടനവാദികൾ ഉയർത്തുന്ന മുദ്രാവാക്യമാണ് ജലീൽ ഉയർത്തിയത്.  കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം എന്നത് രാജ്യത്തിന്‍റെ പ്രഖ്യാപിത നയമാണെന്നും മുരളീധരന്‍ പറഞ്ഞു. 
 

jaleel should be charged with sedition says v muraleedharan
Author
Cochin, First Published Aug 12, 2022, 5:36 PM IST

കൊച്ചി: മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ രാജ്യ ദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. കശ്മീരില്‍ വിഘടനവാദികൾ ഉയർത്തുന്ന മുദ്രാവാക്യമാണ് ജലീൽ ഉയർത്തിയത്.  കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം എന്നത് രാജ്യത്തിന്‍റെ പ്രഖ്യാപിത നയമാണെന്നും മുരളീധരന്‍ പറഞ്ഞു. 

ആസാദ് കാശ്മീർ എന്ന ജലീലിന്‍റെ പ്രസ്താവന രാജ്യദ്രോഹപരമാണ്. ജലീലിന്‍റെ രാജി സർക്കാർ ആവശ്യപ്പെടണം. രാജ്യദ്രോഹ കുറ്റം ചെയ്തയാൾ നിയമസഭയിൽ തുടരുന്നത് നാടിന് അപമാനമാണെന്നും   വി മുരളീധരൻ അഭിപ്രായപ്പെട്ടു. 

കെ ടി ജലീല്‍ കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശമാണ് വിവാദമായത്. 'പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാൻ്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം'  എന്നാണ് ജലീലിന്‍റെ പോസ്റ്റ്.

Read Also: പാകിസ്ഥാനോട് ചേർക്കപ്പെട്ട ഭാഗം' ആസാദ് കാശ്മീരെന്ന്' കെ ടി ജലീല്‍, പാക് അധീന കാശ്മീരെന്ന് സന്ദീപ് വാര്യര്‍

പഴയ സിമി നേതാവായ കെടി ജലീലിൽ നിന്നും ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് പോസ്റ്റിനെക്കുറിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചത്. പാക് അധീന കാശ്മീരിനെ കുറിച്ച് ആസാദ് കാശ്മീർ എന്ന ജലീലിന്‍റെ പരാമർശം രാജ്യത്തിന്‍റെ  അഖണ്ഡതയ്ക്കെതിരാണ് . രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് ഒരു നിമിഷം പോലും എംഎൽഎയായി തുടരാനാവില്ല. ഇന്ത്യൻ അധിനിവേശ കാശ്മീർ എന്ന പ്രയോഗം പാകിസ്ഥാന്‍റേതാണ്. ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം. സൈന്യത്തിനെതിരെയും ജലീൽ തന്‍റെ  പോസ്റ്റിൽ പറയുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ചരിത്രത്തെ വികലമാക്കുകയാണ് ജലീൽ ചെയ്യുന്നത്. കാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാൻ അനധികൃതമായി പിടിച്ചെടുത്തതാണ്. മുഴുവൻ കാശ്മീരും ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് 1994ൽ പാർലമെന്റ് പ്രമേയം പാസാക്കിയതാണ്. ഭരണഘടനാ വിരുദ്ധമായ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Read Also; ജലീലിനെതിരെ ബിജെപി ' രാജ്യദ്രോഹ കുറ്റം ചുമത്തണം, കശ്മീര്‍ പരാമർശം രാജ്യത്തിന്‍റ അഖണ്ഡതക്കെതിര്' കെ.സുരേന്ദ്രൻ

Follow Us:
Download App:
  • android
  • ios