
കാസർഗോഡ്: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കാൻ തീരുമാനം. ഇതിനായി സ്വകാര്യ ആശുപത്രികൾ താത്കാലികമായി ഏറ്റെടുക്കും. ഇവിടങ്ങളിലും ഐസൊലേഷൻ വാർഡുകൾ ഒരുക്കും. വിദേശത്ത് നിന്നും എത്തുന്നവരെ പരിശോധനക്കായി ആശുപത്രികളിലെത്തിക്കുന്ന ചുമതല സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇവരെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കും. മംഗലാപുരം വിമാനത്താവളത്തിലെത്തുന്നവരെയും കെഎസ്ആർടിസി ബസുകളിൽ ആശുപത്രികളിൽ എത്തിക്കാനാണ് തീരുമാനം.
ഇതോടൊപ്പം കാസർകോട് ഗവൺമെന്റ് കോളേജും കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലും ഐസൊലേഷൻ വാർഡുകൾ ഒരുക്കും. വാർഡുതല ജാഗ്രത സമിതികൾ രൂപികരിക്കും.
കൊവിഡ് 19: ശക്തമായ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും
സംസ്ഥാനത്ത് വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശങ്ങളാണ് ഒരുക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 27 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച മൂന്ന് പേർക്ക് പൂർണമായും സുഖപ്പെട്ടു. കാൽലക്ഷത്തിലധികം പേരാണ് നിലവിൽ സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 237 പേർ ആശുപത്രികളിൽ ആണ്.
വിദേശത്ത് നിന്നും എത്തുന്നവരിൽ രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ കർശനമായി നിരീക്ഷിിക്കുന്നു. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം നിയന്ത്രിച്ചു. ഓഫീസുകളിൽ അത്യാവശ്യമുളള സന്ദർശകരെ നിർദ്ദേശാനുസരണം മാത്രം കയറ്റിവിടാനും കഴിയുന്നത്ര തെർമൽ സ്കാനിംഗ് ഉപയോഗിച്ച് സന്ദർശകരെയും ഉദ്യോഗസ്ഥരെയും പരിശോധിക്കണമെന്നുമാണ് നിർദേശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam