തിരുവനന്തപുരം: കൊവിഡ് 19 വൈറസിനെതിരെ അതിശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കും ജാഗ്രതയ്ക്കും ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും. തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾക്കായുള്ള കോവിഡ് പ്രതിരോധ ബോധവത്കരണ പരിപാടിയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒന്നിച്ചെത്തിയത്. 

നമ്മുക്ക് താങ്ങാവുന്നതിനും അപ്പുറത്തുള്ള അവസ്ഥയിലേക്ക് കൊവിഡ് ബാധ ശക്തിപ്പെടാതെ നോക്കണമെന്ന് മുഖ്യമന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളോടും ഉദ്യോഗസ്ഥരോടുമായി പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ കൊവിഡിനെ നിയന്ത്രിക്കാനാവൂ. വലിയ വിപത്ത് മുന്നിൽ കണ്ടു കൊണ്ടുള്ള തയ്യാറെടുപ്പുകളാണ് വേണ്ടെതന്നും മുഖ്യമന്ത്രി നിർദേശിച്ചു. ‌

താനും മുഖ്യമന്ത്രിയും ഒരുമിച്ചു നിന്നു സംസാരിക്കുന്നത് ജനങ്ങൾക്ക് കൊവിഡിനെ നേരിടാൻ ആത്മവിശ്വാസം നൽകാനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ലഭ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കൊവിഡ് 19 വൈറസിനെ നേരിടണമെന്നും ഇതിനായി വിരമിച്ച ഡോക്ടർമാരുടെ പട്ടിക തയ്യാറാക്കി അവരുടെ സേവനവും ഉപയോഗിക്കണമെന്നും ചെന്നിത്തല  ആവശ്യപ്പെട്ടു. 

കൊവിഡ് 19 വൈറസ് പ്രതിരോധശേഷി കുറഞ്ഞവരെ ഗുരുതരമായി ബാധിക്കുമെന്നതിനാൽ സംസ്ഥാനത്തെ പ്രായമായവർ, രോഗമുള്ളവർ, എന്നിവരുടെ വിവരങ്ങൾ ശേഖരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ആശ വർക്കർമാർ ഉൾപ്പെടെയുള്ളവരുടെ സഹായം തേടണം. പ്രൈമറി ഹെൽത്ത് സെന്ററുകളിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കണം. 

കമ്മ്യൂണിറ്റി വളണ്ടിയർമാരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സജ്ജരാക്കണം. വീടുകളിൽ എത്തി ഭക്ഷണം, മരുന്നുകൾ എന്നിവ വിതരണം ചെയ്യാനും കൗണ്സിംലിഗ് നടത്താനും ഇവരുടെ സേവനം പ്രയോജനപ്പെടുത്തണം. ഇത്തരം പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

കേരളത്തിൽ തുടരുന്ന വിദേശികൾക്ക് അവശ്യസേവങ്ങളും സൌകര്യങ്ങളും നിഷേധിക്കുന്ന പ്രവണതയേയും മുഖ്യമന്ത്രി വിമർശിച്ചു. വിദേശിയായതിൻ്റെ പേരിൽ മാത്രം സേവനങ്ങൾ നിഷേധിക്കുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകരെ ഒറ്റപ്പെടുത്തുന്ന രീതിയും ശരിയല്ല. 

എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും തങ്ങളുടെ പരിധിയിലെ ആശുപത്രികളുടെ സൗകര്യങ്ങൾ, കിടക്കകളുടെ ലഭ്യത, ഐ.സി.യു സൗകര്യം എന്നിവ പരിശോധിച്ച് വിശദമായ കണക്കെടുക്കണം. രോഗവ്യാപനം അടുത്ത ഘട്ടത്തിലേക്ക് കടന്നാൽ താമസ സൗകര്യത്തിനു പോരായ്മ വരും. കൂടുതൽ പേരെ പാർപ്പിക്കാനുള്ള സംവിധാനങ്ങൾ അതിനാൽ തയ്യാറാക്കണം. സ്വകാര്യ കെട്ടിടങ്ങൾ, ലോഡ്ജുകൾ, ഹോട്ടലുകൾ എന്നിവ ആവശ്യം വരുന്ന ഘട്ടം മുൻകൂട്ടി കാണണം. 

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ദൈനംദിന നിരീക്ഷണ ചുമതല അതത് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർക്കായിരിക്കും. തയ്യാറെടുപ്പുകൾ തുടർച്ചയായി വിലയിരുത്താനും ശേഖരിക്കുന്ന വിവരങ്ങൾ കൃത്യമായിരിക്കാനും തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ ശ്രദ്ധിക്കണം. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാർക്ക് കൂടുതൽ ചുമതലകൾ നൽകണമെന്നും വാർഡ് തലത്തിൽ അംഗങ്ങളെ ചുമതല ഏൽപിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. 

പ്രതിരോധപ്രവർത്തനങ്ങളിൽ സെക്രട്ടറിമാർക്കും നിർണായക ഉത്തരവാദിത്തമുണ്ട്. എല്ലാ ഉദ്യോഗസ്ഥരുടേയും പങ്കാളിത്തം സെക്രട്ടറി ഉറപ്പാക്കണം. താങ്ങാവുന്നതിലും അപ്പുറമുള്ള അവസ്ഥ ഉണ്ടാവാതെ ശ്രദ്ധിക്കണം. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും  ഈ പ്രതിസന്ധി മറി കടക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ഒന്നിച്ചു നിന്നു കൈകോർത്തു പിടിച്ചു പുതിയ മാതൃക സൃഷ്ടിക്കണമെന്നുംഅവശ്യസാധനങ്ങൾ ഒരു തടസ്സവും ഇല്ലാതിരിക്കാൻ ജില്ലാ കളക്ടർമാർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്രിമ ക്ഷാമം ഉണ്ടാക്കാനുള്ള  ശ്രമം ഉണ്ടായാൽ അത് കളക്ടർ അടക്കമുള്ളവരെ അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.