'ക്രമസമാധാനം നോക്കാൻ സർക്കാരിന് എവിടെയാണ് സമയം'; വിഴിഞ്ഞം സമരത്തില്‍ സർക്കാരിനെ കുറ്റപ്പെടുത്തി ഗവർണർ

By Web TeamFirst Published Dec 1, 2022, 5:56 PM IST
Highlights

സര്‍വകലാശാലകളുടെ തലവന്‍ ചാന്‍സലറാണെന്നും സര്‍വകലാശാലകളില്‍ സ്വജനപക്ഷപാതം പാടില്ലെന്നും ഗവർണർ പറഞ്ഞു. വിദ്യാർത്ഥികളുടെ കാര്യത്തിൽ സർക്കാരിന് ആശങ്കയില്ലെന്നും അധികാരമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സർക്കാരിനെ കുറ്റപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രമസമാധാനം നോക്കാൻ സർക്കാരിന് എവിടെയാണ് സമയമെന്നും സർവകലാശാലകളെ നിയന്ത്രിക്കാൻ അല്ലേ സര്‍ക്കാരിന് കൂടുതല്‍ താത്പര്യമെന്നും ഗവർണർ കുറ്റപ്പെടുത്തി. വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷൻ ആക്രമണത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ, വിഷയം പരിശോധിക്കുമെന്നും അറിയിച്ചു. 

സര്‍വകലാശാലകളുടെ തലവന്‍ ചാന്‍സലറാണെന്നും സര്‍വകലാശാലകളില്‍ സ്വജനപക്ഷപാതം പാടില്ലെന്നും ഗവർണർ പറഞ്ഞു. വിദ്യാർത്ഥികളുടെ കാര്യത്തിൽ സർക്കാരിന് ആശങ്കയില്ലെന്നും അധികാരമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ ബില്ലുകൾ കൊണ്ടുവരുന്നത് കേഡറുകളെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ്. തങ്ങൾ പോരാടുന്നു എന്നുള്ള തോന്നൽ വരുത്താനാണ് ശ്രമമെന്നാണ് ​ഗവർണറുടെ വിമർശനം. കണ്ണൂർ വിസി സ്ഥിരം കുറ്റവാളിയാണെന്നും ഗവർണർ ആവർത്തിച്ചു. 

കെടിയു വിസി നിയമനത്തിൽ യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ കാര്യങ്ങൾ ചെയ്യാനാകൂ എന്ന് പറഞ്ഞ ​ഗവർണർ, ബിജെപി നേതാക്കാൾക്കായി ശുപാർശ ചെയ്‌തെന്ന ആരോപണത്തിലും മറുപടി നൽകി. തനിക്ക് പല പരാതികളും കിട്ടാറുണ്ട്. അത് മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ചെയ്തതെന്നും അതിൽ എന്താണ് തെറ്റെന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് അല്ലാതെ മറ്റെവിടേക്കാണ് പരാതി കൈമാറേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പദവിയിൽ തുടരാൻ യോ​ഗ്യതയില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വിമര്‍ശിച്ചു. കൊടകര കള്ളപ്പണക്കേസിൽ അടക്കം ബിജെപി നേതാക്കൾ പ്രതിയായ അനേകം ക്രിമിനൽ കേസുകളിൽ അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് ഞെട്ടിപ്പിക്കുന്നതാണെന്ന് സനോജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.  

Also Read: 'കള്ളപ്പണക്കേസ് പ്രതിക്കും സുരേന്ദ്രനും വേണ്ടി കത്തയച്ചു'; ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ 

click me!