സർക്കാർ കാര്യങ്ങൾ മനസിലാക്കി തുടങ്ങിയതിൽ സന്തോഷം; മന്ത്രിയുടെ പ്രസ്താവന സ്വാ​ഗതാർഹമെന്നും ​ഗവർണർ

By Web TeamFirst Published Jan 11, 2022, 7:04 PM IST
Highlights

സംസ്ഥാന സർക്കാർ കാര്യങ്ങൾ മനസിലാക്കി തുടങ്ങിയതിൽ സന്തോഷം. താൻ ചാൻസലർ ആയി തുടർന്നാൽ രാഷ്ട്രീയ ഇടപെടലുകളും അച്ചക്ക രാഹിത്യവും വച്ചുപൊറുപ്പിക്കില്ല. കേരള വിസിയുടെ രാജി തീരുമാനിക്കേണ്ടത് താൻ അല്ലെന്നും ​ഗവർണർ വ്യക്തമാക്കി. 

തിരുവനന്തപുരം: ഡി ലിറ്റ് വിഷയത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ (R Bindu) പ്രസ്താവന സ്വാ​ഗതാർഹമെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammed Khan) . സംസ്ഥാന സർക്കാർ കാര്യങ്ങൾ മനസിലാക്കി തുടങ്ങിയതിൽ സന്തോഷം. താൻ ചാൻസലർ ആയി തുടർന്നാൽ രാഷ്ട്രീയ ഇടപെടലുകളും അച്ചടക്ക രാഹിത്യവും വച്ചുപൊറുപ്പിക്കില്ല. കേരള വിസിയുടെ രാജി തീരുമാനിക്കേണ്ടത് താൻ അല്ലെന്നും ​ഗവർണർ വ്യക്തമാക്കി. 

രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച വിഷയത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്നും വിഷയം ​ഗവർണറും വിസിയും തമ്മിൽ പരിഹരിക്കട്ടെ എന്നുമാണ് മന്ത്രി ഇന്നലെ പറഞ്ഞത്. സർക്കാരിന് അതിൽ കക്ഷി ചേരേണ്ട കാര്യമില്ല.  ഗവർണർ പറഞ്ഞതിന്റെ വിശദാംശങ്ങൾ അവരോട്  ചോദിക്കണം. തനിക്ക് അറിയില്ല. സർക്കാർ ഒരു നിർദേശവും വിസിക്ക് നൽകിയിട്ടില്ല. സർവകലാശാലയെ നേട്ടങ്ങളിലേക്ക് നയിച്ച ആളാണ് വി സി മഹാദേവൻ പിള്ള. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രജ്ഞരിൽ ഒരാൾ ആണ് കേരള വിസി. അങ്ങനെയുള്ള വി സിയുടെ യോ​ഗ്യതയെ ചോദ്യം ചെയ്യുന്നത് ശരിയല്ല. ഡി ലിറ്റ് വിവാദത്തിൽ വിസിയുടെ ആശയവിനിമയം സർക്കാർ അറിഞ്ഞിട്ടില്ല എന്നും ആർ ബിന്ദു പറഞ്ഞിരുന്നു. 

Read Also: 'അയോഗ്യയാക്കണം', മന്ത്രി ബിന്ദുവിനെതിരെ ചെന്നിത്തല ലോകായുക്തയിൽ

അതേസമയം, രാഷ്ട്രപതിക്ക് ഡി-ലിറ്റ് നിഷേധിച്ച് കൊണ്ട് ഗവര്‍ണ്ണര്‍ക്ക് നല്‍കിയ കത്ത് സമ്മര്‍ദ്ദം കൊണ്ട് എഴുതിയെന്ന് സമ്മതിച്ച് കേരള സർവ്വകലാശാല വിസി വി പി മഹാദേവൻ പിള്ള പറഞ്ഞു. മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ലെന്നാണ് വി പി മഹാദേവൻ പിള്ള പ്രസ്താവനയില്‍ വിശദീകരിച്ചത്.

ഗുരുഭൂതൻമാരുടെ  നല്ല പാഠങ്ങള്‍  ഉള്‍ക്കൊള്ളാൻ പരമാവധി ശ്രമിക്കുമെന്നും വിസി  അറിയിച്ചു. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്‍റെ ഗ്രാമറും സ്പെല്ലിം​ഗും തെറ്റാതിരിക്കാൻ പരമാവധി ജാഗരൂകനാണെന്നും വിസി പറയുന്നു. കത്തിനെതിരെ ഗവര്‍ണ്ണര്‍ നടത്തിയ അതിരൂക്ഷ വിമര്‍ശനത്തിനാണ് മറുപടി. (കൂടുതൽ വായിക്കാം..)
 

click me!