Asianet News MalayalamAsianet News Malayalam

രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച സംഭവം; ​ഗവർണർക്കുള്ള കത്ത് സമ്മർദ്ദത്താൽ എഴുതിയത്, മനസ് പതറി: കേരള വിസി

മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ലെന്നാണ് വി പി മഹാദേവൻ പിള്ള പ്രസ്താവനയില്‍ വിശദീകരിച്ചത്.

kerala university vc vp mahadevan pillai admits he wrote letter to governor due to pressure
Author
Thiruvananthapuram, First Published Jan 11, 2022, 6:38 PM IST

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി-ലിറ്റ് നിഷേധിച്ച് കൊണ്ട് ഗവര്‍ണ്ണര്‍ക്ക് നല്‍കിയ കത്ത് സമ്മര്‍ദ്ദം കൊണ്ട് എഴുതിയെന്ന് സമ്മതിച്ച് കേരള സർവ്വകലാശാല വിസി (Kerala VC) . മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ലെന്നാണ് വി പി മഹാദേവൻ പിള്ള (V P Mahadevan Pillai)  പ്രസ്താവനയില്‍ വിശദീകരിച്ചത്.

ഗുരുഭൂതൻമാരുടെ  നല്ല പാഠങ്ങള്‍  ഉള്‍ക്കൊള്ളാൻ പരമാവധി ശ്രമിക്കുമെന്നും വിസി  അറിയിച്ചു. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്‍റെ ഗ്രാമറും സ്പെല്ലിം​ഗും തെറ്റാതിരിക്കാൻ പരമാവധി ജാഗരൂകനാണെന്നും വിസി പറയുന്നു. കത്തിനെതിരെ ഗവര്‍ണ്ണര്‍ നടത്തിയ അതിരൂക്ഷ വിമര്‍ശനത്തിനാണ് മറുപടി. 

രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ശുപാർശ തള്ളിയെന്ന് ഗവർണ്ണർ പരസ്യമായി സ്ഥിരീകരിച്ചിരുന്നു. പുറത്തുനിന്നുള്ള നിർദ്ദേശം കൊണ്ടാണ് സിന്റിക്കേറ്റ് യോഗം വിളിക്കാതെ ശുപാർശ തള്ളേണ്ടിവന്നതെന്ന് കേരള വിസി അറിയിച്ചെന്നും ഗവർണ്ണർ വെളിപ്പെടുത്തി. ശുപാർശ തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിളിച്ചെങ്കിലും സംസാരിക്കാനായില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ചാൻസിലറുടെ ശുപാർശ ധിക്കരിച്ച് എഴുതിയ കത്തിലെ ഭാഷ അത്യന്തം ലജ്ജാകരമെന്ന് പറഞ്ഞ് കേരള വിസിക്കെതിരെ ഗവർണ്ണർ തുറന്നടിച്ചിരുന്നു.

കേരള വിസിയെ കടന്നാക്രമിച്ചും മുഖ്യമന്ത്രിയെ സംശയത്തിൻറെ നിഴലിൽ നിർത്തിയുള്ള ഗവർണ്ണറുടെ തുറന്ന പറച്ചിൽ ഡി ലിറ്റ് വിവാദത്തിലെ നിർണ്ണായക വഴിത്തിരിവായിരുന്നു. കേരളയിൽ  ബിരുദദാനം നടത്താൻ രാഷ്ട്രപതിയെ വിളിക്കാനാവശ്യപ്പെട്ടെന്നും ചടങ്ങിൽ രാഷ്ട്രപതിയെ ആദരിക്കാമെന്നുമുള്ള ശുപാർശ വെച്ചെന്ന് ഗവർണ്ണർ സമ്മതിക്കുന്നത് ഇതാദ്യമായാണ്.  പക്ഷെ സിന്റിക്കേറ്റ് വിളിക്കണമെന്ന നിർദ്ദേശം ധിക്കരിച്ച വിസി നടപടിക്രമങ്ങളൊന്നും പാലിക്കാതെ ശുപാർശ  തള്ളിയെന്നും ​ഗവർണർ പറഞ്ഞിരുന്നു.

ആദ്യം ഫോണിലൂടെ ശുപാർശ നിരാകരിച്ച വിസിയോട് രേഖാമൂലം എഴുതി നൽകാൻ ആവശ്യപ്പെട്ടെന്നാണ് ഗവർണ്ണർ പറഞ്ഞത്. വിസിയുടെ കത്ത് ഉയർത്തി ഗവർണ്ണർ നടത്തിയത് രൂക്ഷമായ വിമർശനമാണ്. ഒരു വിസിയെ ചാൻസിലർ ഇങ്ങിനെ കടുത്ത ഭാഷയിൽ ആക്രമിക്കുന്നത് കേരള ചരിത്രത്തിൽ തന്നെ ആദ്യമാണ്. 
 

Follow Us:
Download App:
  • android
  • ios