
തിരുവനന്തപുരം: സ്വർണക്കടത്ത്, ബിനീഷ് വിവാദങ്ങളിൽ സിപിഎം മുങ്ങിനിൽക്കുമ്പോഴാണ് സിഎജിക്കെതിരായ സർക്കാർ ആക്രമണം അഴിച്ചുവിടുന്നത്. സിഎജി റിപ്പോർട്ട് പുറത്തുവിട്ട് ധനമന്ത്രി തുറന്നുവിട്ട ഭൂതം മറ്റ് വിവാദങ്ങളെ വിഴുങ്ങുമെന്നായിരുന്നു സിപിഎം കണക്കുകൂട്ടൽ.
എന്നാൽ ധനമന്ത്രി തന്നെ വെട്ടിലായതോടെ സിഎജിക്കെതിരായ നീക്കവും സർക്കാരിന് നേരെ തിരിയുകയാണെന്നതാണ് നിലവിലെ സ്ഥിതി. അഞ്ച് മാസമായി സംസ്ഥാനത്തെ പ്രധാനചർച്ച സ്വർണക്കടത്തും സർക്കാരിനെ കുരുക്കുന്ന അനുബന്ധ വിവാദങ്ങളുമായിരുന്നു.
അടുത്തടുത്ത ദിവസങ്ങളില്‍ എം ശിവശങ്കറിനെയും മയക്കുമരുന്ന് കേസിൽ ബിനീഷിനെയും ഇഡി അറസ്റ്റ് ചെയ്തതോടെ ക്ലിഫ് ഹൗസും എകെജി സെന്‍ററും ഒരുപോലെ വെട്ടിലായി. തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി സെക്രട്ടറി പോലും മാറുന്ന അസാധാരണ പ്രതിസന്ധിയിലേക്ക് സിപിഎം എത്തിയതോടെയാണ് തോമസ് ഐസക്കിന്‍റെ രംഗപ്രവേശം.
കേന്ദ്ര ഏജൻസികൾക്കെതിരെ ആക്ഷേപം കടുപ്പിക്കുന്നതിനിടെ ഇതുവരെ തൊടാത്ത സിഎജിക്കെതിരെയും സർക്കാർ തിരിഞ്ഞു. ഭരണഘടനാ സ്ഥാപനമായിട്ടും കേന്ദ്ര സർക്കാരിനെതിരെയായിരുന്നു ധനമന്ത്രിയുടെയും സിപിഎമ്മിന്‍റെയും ആക്ഷേപം. സ്വർണക്കടത്ത്, ബിനീഷ് വിവാദങ്ങളെ അപ്രസക്തമാക്കി സംസ്ഥാന രാഷ്ട്രീയത്തിൽ നാല് ദിവസമായി ചർച്ചാവിഷയം കിഫ്ബിയും സിഎജിയുമാണ്.
എന്നാൽ, കരട് റിപ്പോർട്ടെന്ന തോമസ് ഐസക്കിന്‍റെ വാദം പൊളിഞ്ഞതോടെ സർക്കാർ ചെന്നുവീഴുന്നത് കൂടുതൽ കുരുക്കിലേക്കാണ്. പ്രതിസന്ധികളിൽ നട്ടംതിരിയുമ്പോൾ സിപിഎം ബോധപൂർവ്വം കൊണ്ടുവന്ന രാഷ്ട്രീയ അജണ്ടയാണ് സിഎജി വിവാദമെന്ന് പ്രതിപക്ഷവും വ്യക്തമാക്കി കഴിഞ്ഞു. വിവാദ റിപ്പോർട്ട് സഭയിൽ എത്തുമ്പോൾ കിഫ്ബിക്കെതിരായ പ്രതിപക്ഷ നീക്കങ്ങൾ ഒരു മുഴം മുൻപെ തടയാനായി എന്നത് മാത്രമാണ് സർക്കാരിന്‍റെ നേട്ടം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam