
കോഴിക്കോട്: കൂടത്തായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കെജി സെമണിനെതിരെ പരാതിയുമായി കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണമാവശ്യപ്പെട്ട് അഭിഭാഷകര്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചു. വിചാരണ തുടങ്ങാനിരിക്കെ കേസ് അട്ടിമറിക്കുന്നതിനായി സര്‍ക്കാര്‍ അഭിഭാഷകരടക്കമുള്ളവർ യോഗം ചേർന്നുവെന്ന പൊലീസ് റിപ്പോര്‍ട്ടാണ് പരാതിക്ക് ആധാരം.
ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പിഎന്‍ ജയകുമാര്‍ ഉള്‍പ്പെടെ കോഴിക്കോട് ജില്ലയിലെ 11 കോടതികളിലേയും സര്‍ക്കാര്‍ അഭിഭാഷകരാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുന്നത്. വിചാരണ വേളയില്‍ കേസ് അട്ടിമറിക്കാനായി നീക്കം തുടങ്ങിയെന്ന റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണ്. ഇതു തയ്യാറാക്കിയ കൂടത്തായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ കെജി സൈമണെതിരെ നടപടി വേണമെന്നാണ് അഭിഭാഷകര്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്.
സൈമണിനെതിരെ വകുപ്പുതല അന്വേഷണമാണ് പ്രോസിക്യൂട്ടര്‍മാരും പ്ലീഡര്‍മാരുമടക്കമുള്ള അഭിഭാഷകരും ആവശ്യപ്പെടുന്നത്. അന്വേഷണത്തിലെ വീഴ്ച്ച മറച്ചുവെക്കാനുള്ള ശ്രമമാണ് റിപ്പോർട്ടിന് പിന്നിലെന്നും അഭിഭാഷകര്‍ ആരോപിക്കുന്നു. കൊല്ലപ്പെട്ട റോയ് തോമസിന്‍റെ ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ തയാറെടുക്കുന്നുവെന്ന പ്രചരണത്തിനു പിന്നില്‍ ജില്ലയിലെ അഭിഭാഷകരാണെന്നായിരുന്നു കെജി സൈമണിന്‍റെ റിപ്പോർട്ട്.
കോഴിക്കോട് ബാറിലെ അഭിഭാഷകരില്‍ ചിലരെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയാതാണ് ഇതിനു പിന്നിലെന്നും കേസ് അട്ടിമറിക്കാനായി സര്‍ക്കാർ അഭിഭാഷകരടക്കം പ്രത്യേക യോഗം ചേർന്നിരുന്നുവെന്നും കെജി സൈമണ്‍ രണ്ടാഴ്ച്ചമുമ്പ് സര്‍ക്കാറിന് റിപ്പോര്ട്ട് നല‍്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോഴത്തെ പരാതി.
കൂടത്തായി കേസില്‍ കോഴിക്കോട് ഡിസ്ട്രിക് ആന്‍റ് സെഷന്‍സ് കോടതി പ്രാഥമിക ഘട്ടം പൂർത്തിയാക്കി അടുത്തയാഴ്ച്ച വിചാരണ തുടങ്ങാനിരിക്കെയാണ് സര്‍ക്കാര്‍ അഭിഭാഷകരും അന്വേഷണ ഉദ്യോഗസ്ഥരും തമ്മിലുള്ള ഈ തർക്കം. തൃശൂര്‍ ബാറിലെ അഭിഭാഷകന്‍ എന്‍കെ ഉണ്ണികൃഷ്ണനാണ് കൂടത്തായി കേസുകളിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam