
കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് സാധിക്കുന്ന തരത്തിൽ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക, പാഠ്യപദ്ധതിയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരിക, ഉന്നത വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മിൽ ജൈവബന്ധം വളർത്തിയെടുക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് നിർദ്ദേശം സമർപ്പിക്കാൻ മൂന്ന് കമ്മീഷനുകളെ സർക്കാർ നേരത്തെ തന്നെ നിയമിച്ചിരുന്നു. ആ കമ്മീഷനുകളുടെയെല്ലാം റിപ്പോർട്ടുകൾ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രാധാന്യത്തോടെ കണ്ടുകൊണ്ട് മികച്ച സാമ്പത്തിക സഹായം ലഭ്യമാക്കും. ആ മേഖലയുടെ നിലവാരവും മാനുഷിക മൂല്യവും ഉറപ്പാക്കും.
സർക്കാർ ഖജനാവിലെ പണം നിർദ്ദിഷ്ട കാര്യത്തിന് തന്നെ ഉപയോഗപ്പെടുത്തണമെന്ന ഉത്തരവാദിത്തം സർക്കാരിന് എല്ലാ കാലത്തും ഉണ്ട്. അക്കാദമിക് കാര്യങ്ങളിൽ സർവകലാശാലകൾക്ക് പരിപൂർണ സ്വാതന്ത്ര്യം ഉണ്ടാകും. അത് ഉറപ്പുവരുത്താനും സർക്കാർ ശ്രമിക്കും. കോളേജുകളുടെയും സർവകലാശാലകളുടെയും അടിസ്ഥാന സൗകര്യപ്രവർത്തനത്തിന് പദ്ധതി സർക്കാർ നടപ്പാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ നൈപുണ്യം വർധിപ്പിച്ച് തൊഴിൽ സാധ്യത വർധിപ്പിക്കാൻ കരിയർ ടു ക്യാംപസ് പദ്ധതി നടപ്പാക്കിയതടക്കം സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ പദ്ധതികളെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. സർവകലാശാലകളിൽ പൊതുവായ അക്കാദമിക് കലണ്ടറും പരീക്ഷാ കലണ്ടറും യാഥാർത്ഥ്യമാക്കും. മാനേജ്മെന്റുകളുടെ താത്പര്യം ഹനിക്കാതെ സ്വാശ്രയ കോളേജ് അധ്യാപകരുടെ നിയമനവും വേതനവും നിശ്ചയിക്കുന്നതിനുള്ള ബിൽ പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്തർദേശീയ അംഗീകാരം ലഭിച്ച രാജഗിരി ബിസിനസ് സ്കൂളിനെ മുഖ്യമന്ത്രി അനുമോദിച്ചു. രാജഗിരി സ്ഥാപനങ്ങൾക്ക് സർക്കാരിന്‍റെ പിന്തുണയുണ്ടാകുമെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കൂട്ടായ പരിശ്രമം വേണമെന്നും മുഖ്യമന്ത്രി കൊച്ചി രാജഗിരിയിൽ നടന്ന ചടങ്ങിൽ പറഞ്ഞു. അന്തർദേശീയ അംഗീകാരമായ എഎസിഎസ്‌ബിയാണ് രാജഗിരി ബിസിനസ് സ്കൂൾ നേടിയത്. കേരളത്തിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് രാജഗിരി ബിസിനസ് സ്കൂൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam