കൊവിഡ് വാക്‌സീനെടുത്താല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരണമെന്ന് പ്രചാരണം; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published May 27, 2021, 8:34 PM IST
Highlights

കൊവിഡ് മഹാമാരിയെ മറി കടക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വാക്‌സീനേഷന്‍. കേരളത്തില്‍ തന്നെ ആദ്യഘട്ടത്തില്‍ വാക്‌സീന്‍ ലഭിച്ച 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം കുറവാണ്. വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ഗുരുതരാവസ്ഥ നേരിടേണ്ടി വന്നില്ല എന്നതും വസ്തുതയാണ്.
 

തിരുവനന്തപുരം: കൊവിഡ് വാക്‌സിനെടുത്താല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന വ്യാജപ്രചാരണം സാമൂഹ്യമാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണമായി തെറ്റാണ്. ഇക്കാര്യം വാര്‍ത്തയില്‍ പറയുന്ന ശാസ്ത്രജ്ഞന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത്തരം പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നിയമപരമായി സര്‍ക്കാര്‍ ശക്തമായി നേരിടും. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. മനുഷ്യരുടെ അതിജീവനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത്തരം പ്രചാരണം നടത്തുന്നവര്‍ നീതീകരിക്കാത്ത കുറ്റമാണ് ചെയ്യുന്നതെന്നും പിണറായി പറഞ്ഞു. 

കൊവിഡ് മഹാമാരിയെ മറി കടക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വാക്‌സീനേഷന്‍. കേരളത്തില്‍ തന്നെ ആദ്യഘട്ടത്തില്‍ വാക്‌സീന്‍ ലഭിച്ച 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം കുറവാണ്. വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ഗുരുതരാവസ്ഥ നേരിടേണ്ടി വന്നില്ല എന്നതും വസ്തുതയാണ്. അതുകൊണ്ടുതന്നെ കുപ്രാചരണങ്ങള്‍ വിശ്വസിച്ച് ആരും വാക്‌സീന്‍ സ്വീകരിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൊബേല്‍ സമ്മാന ജേതാവ് ലൂക്ക് മൊണ്ടെയ്‌നറുടെ പേരിലാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത്. കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന നൊബേല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍ പറഞ്ഞെന്ന രീതിയിലായിരുന്നു വാര്‍ത്ത. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്തെത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!