രവി പിള്ളയുടെ മകന്‍റെ വിവാഹം; ഗുരുവായൂർ ക്ഷേത്ര നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി

By Web TeamFirst Published Sep 9, 2021, 12:19 PM IST
Highlights

തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം. ക്ഷേത്രത്തിൽ ഒരു വിവാഹ സംഘത്തിനൊപ്പം 12 പേർക്കാണ് അനുമതി. 

കൊച്ചി: വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നൽകിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിശദീകരിക്കണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണോ വിവാഹങ്ങൾ നടക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. 

ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും ചെടികളും വെച്ച് അലങ്കരിച്ചതിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ  ഇടപെട്ടത്. നടപ്പന്തലിലെ ബോർഡുകളും കട്ടൗട്ടുകളും കോടതി നിർദേശത്തെ തുടർന്ന് നേരത്തെ നീക്കിയിരുന്നു. എന്നാൽ മറ്റ് അലകാരങ്ങൾ മാറ്റിയിട്ടില്ല. കൊവിഡ് വ്യാപനം നിലനിൽക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം അലകാര പണികൾക്ക് ദേവസ്വം അനുമതി നൽകിയതെന്നാണ് കോടതിയുടെ ചോദ്യം. 

ഇക്കാര്യത്തിൽ തിങ്കളാഴ്ച്ചയ്ക്കകം സത്യവാങ്മൂലം നൽകണം. എന്നാൽ പൂക്കൾ കൊണ്ടുള്ള അലങ്കാരത്തിന് മാത്രമാണ്  അനുമതി നൽകിയിരുന്നതെന്നാണ് ദേവസ്വത്തിൻ്റെ വിശദീകരണം. ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി തങ്ങളുടെ അറിവില്ലാതെയാണ് ബോർഡുകളും മറ്റും വെച്ചതെന്നും ദേവസ്വം ചെയർമാൻ വ്യക്തമാക്കി. ക്ഷേത്രത്തിൽ ഒരു വിവാഹ സംഘത്തിനൊപ്പം 12 പേർക്കാണ് അനുമതി. നടപ്പന്തലിലെ വിവാഹങൾ  കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണോ നടക്കുന്നതെന്നും കോടതി ചോദിച്ചു. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് ദേവസ്വമാണെന്നും കോടതി നിർദേശിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!