
ആലപ്പുഴ: ഒടുവിൽ ജി സുധാകരനെ വീട്ടിൽ എത്തി ക്ഷണിച്ച് എച്ച് സലാം എംഎൽഎ. മുഖ്യമന്ത്രി പങ്കെടുക്കുന്ന തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടന ചടങ്ങിലേക്കാണ് സിപിഎം മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി സുധാകരനെ സ്ഥലം എംഎൽഎ യായ എച്ച് സലാം നേരിട്ട് വീട്ടിൽ എത്തി ക്ഷണിച്ചത്. എച്ച് സലാം എത്തിയപ്പോൾ ജി സുധാകരൻ വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ക്ഷണക്കത്തും നോട്ടീസും വീട്ടിൽ എല്പിച്ച് മടങ്ങുകയായിരുന്നു.
സുധാകരൻ മന്ത്രി ആയിരുന്നപ്പോൾ ആണ് പാലം അനുമതി നൽകുന്നതും നിർമ്മാണം ആരംഭിക്കുന്നതും. പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ നോട്ടീസിൽ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും എം.പിക്കുമൊപ്പം സുധാകരന്റെ പേരും ഫോട്ടോയുമുണ്ടായിരുന്നു. ചടങ്ങിൽ വീശിഷ്ടാതിഥിയായിരുന്നു ജി സുധാകരൻ.
എന്നാൽ സി.പി.എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി പുറത്തിറക്കിയ പാലം ഉദ്ഘാടനനോട്ടീസിൽ ജി. സുധാകരന്റെ പേര് ഒഴിവാക്കിയിരുന്നു. ഔദ്യോഗിക ക്ഷണം ഇല്ലാതെ ചടങ്ങിൽ ജി സുധാകരൻ പങ്കെടുത്തേക്കില്ലെന്ന സൂചനകൾ ഉണ്ടായിരുന്നു. അങ്ങനെ വന്നാൽ ഉണ്ടാകുന്ന പ്രാദേശിക എതിർപ്പ് അടക്കം കണക്കിൽ എടുത്താണ് സ്വരച്ചേർച്ചയിൽ അല്ലാതിരുന്നിട്ടും സ്ഥലം എം എൽ എ യായ എച്ച് സലാം തന്നെ നേരിട്ടെത്തി ക്ഷണിച്ചത്. എന്നാൽ ചടങ്ങിൽ ജി സുധാകരൻ പങ്കെടുക്കുമോ എന്നതിൽ വ്യക്തത ഇല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam