
ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരനും സി പി എം നേതാക്കളും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ രൂക്ഷമാകുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നനഞ്ഞ കോഴിയായെന്ന് പരിഹസിച്ച സുധാകരന് മറുപടിയുമായി അമ്പലപ്പുഴ മുൻ എം എൽ എ എച്ച് സലാം രംഗത്തെത്തി. കള്ളുവാങ്ങി കൊടുത്താൽ ആരെയും തെറിവിളിക്കുന്ന ഒരു കോമാളിയായി ജി സുധാകരൻ അധപതിച്ചുവെന്നും, പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും സുധാകരന് യോഗ്യതയില്ലെന്നും എച്ച് സലാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. പിണറായി വിജയന്റെ ഔദാര്യം ഒന്നുകൊണ്ട് മാത്രമാണ് സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി ഇതുവരെ കീറിപ്പോകാത്തതെന്നും സലാം കൂട്ടിച്ചേർത്തു. സുധാകരനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളും സലാം ഉന്നയിച്ചിട്ടുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സുധാകരൻ ആരിൽ നിന്നൊക്കെ എത്ര ലക്ഷം രൂപയാണ് പിരിച്ചതെന്ന് വെളിപ്പെടുത്താൻ ധൈര്യമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. സുധാകരന്റെ പ്രവർത്തന മണ്ഡലം കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് മാറ്റിയത് എന്തുകൊണ്ടാണെന്ന് തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും സലാം മുന്നറിയിപ്പ് നൽകി. നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ ആക്ഷേപങ്ങളും വെല്ലുവിളികളും വരും ദിവസങ്ങളിൽ ആലപ്പുഴയിലെ രാഷ്ട്രീയത്തിൽ കൂടുതൽ പുകിലുകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.
എം എൽ എ ഓഫീസ് ഉദ്ഘാടന ചടങ്ങിലാണ് ഇന്നലെ ജി സുധാകരൻ പ്രതിപക്ഷത്തെ പരിഹസിച്ച് രംഗത്തെത്തിയത്. സഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിച്ചപ്പോൾ മറുപടി പറയാൻ ഒരാൾക്കും കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴിയാണെന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. ഇടത്തോട്ടു മുണ്ടുടുത്താൽ ഇടതുപക്ഷമാകില്ലെന്നും രാജ്യത്ത് കോൺഗ്രസിന്റെ ഊന്നുവടിയിൽ നിൽക്കുന്ന പാർട്ടിയാണ് സി പി എമ്മെന്നും അദ്ദേഹം പരിഹസിച്ചു. കെ എൻ ബാലഗോപാൽ ഒക്കെയാണല്ലോ സഭയിൽ ഉള്ളതെന്നും ജി സുധാകരൻ പരിഹസിച്ചു. കെ എൻ ബാലഗോപാലിന് സഭയിൽ മിണ്ടാട്ടമില്ല. ഐസക് ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും പറയും. സഭയിലെ പ്രതിപക്ഷത്തെ കണ്ട് സങ്കടം തോന്നുന്നു. പറയാൻ അറിയാവുന്ന ഒരാളെങ്കിലും വേണ്ടേ? ശരിയല്ലെന്ന് പറയാൻ ഒരാളുമില്ല. സഭയിൽ പ്രതിപക്ഷത്തിൻ്റേത് ദയനീയമായ ചിത്രമാണെന്നും ജി സുധാകരൻ പരിഹസിച്ചു. അമ്പലപ്പുഴയിൽ താൻ കോൺഗ്രസിന്റെ ചെളിക്കുണ്ടിലേക്ക് പോകുമെന്ന് പിണറായി വിജയൻ പ്രസംഗിച്ചു. സി പി എം ഇന്ന് എവിടെയാണുള്ളത്? കേരളത്തിന് പുറത്ത് സി പി എം എഴുന്നേറ്റ് നിൽക്കുന്നത് കോൺഗ്രസ് പിന്തുണയിലാണ്. എന്ത് രാഷ്ട്രീയ ദർശനമാണ് ഉള്ളത്? സി പി എമ്മിന്റെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടു. അടുത്തകാലത്തൊന്നും സി പി എം നന്നാകില്ലെന്നും കേരളത്തിൽ കോൺഗ്രസിന്റെ സുവർണ കാലഘട്ടമാണെന്നും ജി സുധാകരൻ പ്രസംഗിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam