ജില്ലയിലെ തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തില്‍ കുട്ടികള്‍ക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു.
കോഴിക്കോട്: ജില്ലയിലെ തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തില്‍ കുട്ടികള്‍ക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു. പൈക്കളങ്ങാടിയില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അഞ്ച് കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് നിര്‍ബന്ധമായും നല്‍കേണ്ട പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കുണ്ടുതോട് പൊതുജനാരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രദേശത്തെ വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തുകയും സര്‍വേ, രോഗപ്രതിരോധ ബോധവല്‍ക്കരണം, വാര്‍ഡ് ശുചിത്വ സമിതി യോഗം എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. ആരോഗ്യ-വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി നഷ്മ, മെഡിക്കല്‍ ഓഫീസര്‍ ഡോ. നീമ വേണുഗോപാല്‍, എച്ച്.എസ് പ്രമീള എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ജെ.എച്ച്.ഐമാരായ ജോബി അഗസ്റ്റിന്‍, മുഹമ്മദ് സാബു, രതുഷ, ഷിന്‍സ് സണ്ണി തുടങ്ങിയവരും സംബന്ധിച്ചു.







