
കണ്ണൂർ: സി പി എമ്മിന്റെ ഇസ്ലാമിക് ബാങ്കിംഗ് സംരംഭമായ ഹലാൽ ഫായിദയിലെ നിക്ഷേപകരുടെ പരാതിയിൽ രൂക്ഷവിമർശനവുമായി ടി കെ ഗോവിന്ദൻ എം എൽ എ. സൊസൈറ്റിയുടെ പ്രസിഡന്റും പ്രൊമോട്ടറുമായ സി പി എം നേതാവ് ഷാജിറിന് സാമ്പത്തിക കൃത്രിമത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സൊസൈറ്റിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി, തട്ടിപ്പിന് കൂട്ടുനിൽക്കുകയാണെന്നും നിക്ഷേപ തുക തിരിച്ചുനൽകാൻ അടിയന്തര നടപടി വേണമെന്ന് താൻ മുന്നേ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും ഗോവിന്ദൻ തുറന്നടിച്ചു. വിഷയം പാർട്ടി കമ്മിറ്റികളിൽ താനുള്ളപ്പോൾ തന്നെ ചർച്ചയായതാണെന്നും നിക്ഷേപം തിരിച്ചുകൊടുക്കണമെന്ന് ജില്ലാ കമ്മിറ്റിയിൽ നിർദ്ദേശം ഉയർന്നിട്ടും ഒരു ഫലവും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്നും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും സഹകരണ വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയിൽ അന്വേഷണം നടത്തി തക്കതായ നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ടി കെ ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഇസ്ലാമിക് ബാങ്കിംഗ് രീതിയില്‍ സി പി എം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞ അവസ്ഥയിലാണ്. 9 വര്‍ഷം മുമ്പ് നിക്ഷേപിച്ച പണം തിരികെ കിട്ടാതായതോടെ പരാതിയുമായി നിക്ഷേപകര്‍ രംഗത്തെത്തിയിട്ടുണ്ട്. ചീഫ് പ്രമോട്ടറായിരുന്ന യുവജനക്ഷേമ ബോര്‍ഡ‍് ചെയര്‍മാന്‍ എം ഷാജര്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാതായെന്ന് നിക്ഷേപകനായ നാസര്‍ കെ പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് നിക്ഷേപകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുസ്ലീം ന്യൂനപക്ഷത്തെ ഒപ്പം കൂട്ടുകയെന്ന രാഷ്ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തി 2017 ഡിസംബറിലാണ് പലിശ രഹിത ബാങ്കിംഗ് രീതിയില്‍ ഹലാല്‍ ഫായിദ സഹകരണ സംഘത്തിന് സി പി എം കണ്ണൂരില്‍ തുടക്കം കുറിച്ചത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു ഉദ്ഘാടകന്‍. ചീഫ് പ്രമോട്ടറായി അന്നത്തെ ഡി വൈ എഫ് ഐ ജില്ലാ ഭാരവാഹിയായിരുന്ന എം ഷാജറിനെയാണ് നിയോഗിച്ചത്. ബീഫ് കയറ്റുമതിയുള്‍പ്പെടെയുള്ള പദ്ധതികള്‍ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. നിക്ഷേപം സ്വീകരിച്ച് ഓഫീസൊക്കെ തുറന്നെങ്കിലും വൈകാതെ പൂട്ട് വീണു. വര്‍ഷം ഒമ്പത് കഴിഞ്ഞിട്ടും നിക്ഷേപ തുക തിരിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. വരവ്-ചെലവ് കണക്കും എവിടെയും അവതരിപ്പിച്ചിട്ടില്ല. ഭരണ സമിതി ആരെന്നോ എന്തെന്നോ പോലും ഇപ്പോള്‍ വ്യക്തമല്ലെന്നും സി പി എം നേതാക്കളെ ബന്ധപ്പെട്ടിട്ടും കാര്യമുണ്ടായില്ലെന്നും നിക്ഷേപകനായ നാസര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നാസര്‍ ടി കെ ഗോവിന്ദൻ എംഎല്‍എ മുഖേന മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതിയില്‍ പ്രതികരിക്കാനില്ലെന്നാണ് എം ഷാജര്‍ അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam