
കോഴിക്കോട്: കൂളിമാട് സ്വദേശിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ അബ്ദുള്‍ ഹമീദിൻ്റെ മരണം മനോവിഷമം മൂലമെന്ന് സി.പി.എം. ഇക്കഴിഞ്ഞ 24ന് വിഷം കഴിച്ച് അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹമീദ് ഇന്നലെ രാത്രിയാണ് മരിച്ചത്. ചാത്തമംഗലം പഞ്ചായത്തിലെ ജലവിതരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹമീദിനെ അഴിമതിക്കാരനാക്കി ചിത്രീകരിച്ചതാണ് ജീവനൊടുക്കാൻ കാരണമെന്ന് സി.പി.എം വിമർശിക്കുന്നു.
കുടിവെളള പദ്ധതിയുടെ കണ്‍വീനറായിരുന്ന ഹമീദ് ജല അതോറിറ്റിക്ക് നൽകാനുള്ള തുക പിരിച്ചെടുത്ത് നൽകാൻ വൈകിയതിന് യുഡിഎഫ് അഴിമതിയാക്കി ചിത്രീകരിച്ചതാണ് കടും കൈ ചെയ്യാന്‍ ഹമീദിനെ പ്രേരിപ്പിച്ചതെന്ന് സിപിഎം ആരോപിക്കുന്നു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് ജലവിതരണം നടത്തുന്ന കമ്മിറ്റിയുടെ കൺവീനറായിരുന്നു അബ്ദുള്‍ ഹമീദ്. ഗുണഭോക്താക്കളിൽ നിന്ന് പണം പിരിക്കുന്നതടക്കം പദ്ധതി നടത്തിപ്പില്‍ സജീവമായിരുന്നു ഹമീദ്. അതിനിടെ ആരോഗ്യപ്രശ്നങ്ങളും ചികിത്സയും അലട്ടിയതോടെ ഹമീദിന് ഗുണഭോക്താക്കളിൽ നിന്ന് കൃത്യമായി പണം പിരിക്കാനോ, അത് വാട്ടർ അതോറിറ്റിയിൽ അടയ്ക്കാനോ കഴിഞ്ഞില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു.
തുക കിട്ടാതെ വന്നതോടെ, വാട്ടർ അതോറിറ്റി ജല വിതരണം നിർത്തി. എന്നാല്‍ ഇതിനെ ഹമീദ് നടത്തിയ സാമ്പത്തിക ക്രമക്കേടായി ആരോപിച്ചതിനെ തുടര്‍ന്നാണ് ഹമീദ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് സിപിഎം പറയുന്നു. സാമ്പത്തിക ക്രമക്കേട് ആരോപണം ഉയര്‍ത്തിയ കോണ്‍ഗ്രസ് വിജിലൻസിനും പരാതി നൽകിയിരുന്നു. വിജിലന്‍സ് പ്രാഥമിക വിവര ശേഖരണത്തിനായി ഹമീദിനെ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഹമീദ് ആകെ തകര്‍ന്നതെന്ന് സിപിഎം ലോക്കൽ സെക്രട്ടറി പ്രസാദ് പറഞ്ഞു. ഹമീദിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് നടക്കും. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.